ഒറ്റപ്പാലം: സമയത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഭാഗമായി ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ പഞ്ചിങ് നടപ്പാക്കാൻ ധാരണയായി. ഒറ്റപ്പാലം ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ജനമൈത്രി ഹാളിൽ നടന്ന സ്വകാര്യ ബസുടമ സംഘടനകളുടെയും തൊഴിലാളി ട്രേഡ് യൂനിയൻ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ബസുകൾ സ്റ്റാൻഡിൽ വന്നുപോകുന്നതിലെ സമയക്രമവുമായി ബന്ധപ്പെട്ട് തർക്കങ്ങളും സംഘർഷങ്ങളും പതിവായ സാഹചര്യത്തിലാണ് പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനം. സ്റ്റാൻഡിൽ ബസുകൾ വരുന്നതും പോകുന്നതുമായ സമയം പൊലീസ് എയ്ഡ് പോസ്റ്റിൽ രേഖപ്പെടുത്തും.
ബസുകൾ സ്റ്റാൻഡ് വിട്ടാൽ നഗരപാതയിൽ നിർത്തി ആളെ കയറ്റുന്നതിൽ നിയന്ത്രണമുണ്ടാകും. സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റണമെന്നാണ് നിർദേശം. സ്റ്റേഷൻ പരിധിയിൽ വരുന്ന അംഗീകൃത സ്റ്റോപ്പുകളിൽ വാഹനം നിർത്തി ആളെക്കയറ്റുമ്പോൾ ഗതാഗത തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ബസുകൾ ഓടുന്നതിന് മുമ്പായി ഇരു വാതിലുകളും അടച്ചിടണമെന്നും യോഗത്തിൽ നിർദേശിച്ചു. ട്രാഫിക് എസ്.ഐ കെ.ജി. സജിൽ, എസ്.ഐമാരാരായ എ.കെ. താഹിർ, കെ.പി. ജയദേവൻ, എ.എസ്.ഐമാരായ ടി.എൽ. മധുസൂദനൻ, വിനോദ് ബി. നായർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജൻ, മധു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.