ഒറ്റപ്പാലം: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നേത്രശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ജില്ല ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ടി വന്ന സാധാരണക്കാർക്ക് ഇത് തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്. ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് 1.2 കോടി രൂപ ചെലവിട്ട് സൗജന്യമായി നിർമിച്ചുനൽകിയ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നേത്രശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
അർബുദ ചികിത്സക്കും നേത്രശസ്ത്രക്രിയ വിഭാഗത്തിനുമായി നിർമിച്ചുനൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത് ഫെബ്രുവരി 19നായിരുന്നു. എന്നാൽ, അർബുദ ചികിത്സ വിഭാഗം പ്രവർത്തനം തുടങ്ങിയെങ്കിലും നേത്രശസ്ത്രക്രിയ വിഭാഗം സാങ്കേതിക കുരുക്കിൽപെട്ടു. ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തുകയും ഇത് പരിഹരിക്കാൻ സമയം നീട്ടിനൽകുകയുമായിരുന്നു. ന്യൂനതകൾ പരിഹരിച്ച് ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തനത്തിന് അനുമതി ലഭിച്ചെങ്കിലും ശസ്ത്രക്രിയ നടത്തിയിരുന്ന ഡോക്ടർക്ക് സ്ഥലംമാറ്റം ലഭിച്ചത് പ്രതിസന്ധിയായി. പകരം ഡോക്ടർ എത്തിയതോടെയാണ് നേത്ര ശസ്ത്രക്രിയ വിഭാഗത്തിന് തുറന്ന് പ്രവർത്തിക്കാൻ അവസരമായത്. എട്ട് മാസം മുമ്പ് വരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന നേത്രശസ്ത്രക്രിയ വിഭാഗം പൊടുന്നനെയാണ് നിർത്തലാക്കിയത്.
കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെയാണ് ഓപറേഷൻ തിയറ്ററിന് സ്ഥലമില്ലാതായത്. തുടർന്ന് ഇതിൽ പ്രവർത്തിച്ചിരുന്ന അർബുദ ചികിത്സക്ക് ബദൽ സംവിധാനം കണ്ടെത്തിയെങ്കിലും നേത്രചികിത്സ പൂർണമായും നിലച്ചു. നേത്രവിഭാഗവുമായി ബന്ധപ്പെട്ട് തുടർചികിത്സ ആവശ്യമായിരുന്ന രോഗികളെ ഉൾപ്പെടെ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തത് രോഗികളെയും ജില്ല അശുപത്രിയെയും ഒരുപോലെ വലച്ചു. സമയബബന്ധിതമായി ലഭിക്കേണ്ട തുടർചികിത്സ അവതാളത്തിലായെന്ന ആക്ഷേപവും ഇടക്കാലത്ത് ഉയർന്നിരുന്നു. കാൽമുട്ട് ശസ്ത്രക്രിയ, നേത്രശസ്ത്രക്രിയ, സൗജന്യ ഡയാലിസിസ്, അർബുദ ചികിത്സ എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റം താളപ്പിഴകൾ ഉണ്ടാക്കിയെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.