ഒറ്റപ്പാലം: വകുപ്പുകൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ചിട്ട റബറൈസ്ഡ് റോഡ് തകർന്ന നിലയിൽതന്നെ തുടരുന്നു. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തകർച്ച ബാധിച്ച പാത പുതുക്കിപ്പണിയണമെന്ന നിലപാട് ആവർത്തിക്കുമ്പോഴും ആവശ്യമില്ലെന്ന തീരുമാനത്തിലാണ് കിഫ്ബി. ഒറ്റപ്പാലം-മണ്ണാർക്കാട് പ്രധാന പാതയിൽ മുരുക്കുംപറ്റ മുതൽ കടമ്പൂർ മുതലപ്പാറകാവ് പരിസരത്തെ ഖാദി കേന്ദ്രം വരെയുള്ള പാതയുടെ ഭാഗങ്ങളാണ് തകർന്നുകിടക്കുന്നത്. കുണ്ടും കുഴിയുമായി യാത്രാദുരിതം നിത്യശീലമാക്കിയ നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കിഫ്ബിയുടെ സഹായത്തോടെ പൂർത്തിയാക്കി സമർപ്പിച്ച പാതക്കാണ് ഈ ദുർവിധി.
അമ്പലപ്പാറ പഞ്ചായത്തിെൻറ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കടമ്പൂരിലെ കൂറ്റൻ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് റോഡ് പൊളിച്ച് ചാലുകൾ കീറിയത്. പൊളിച്ചിട്ട പാതയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ജല അതോറിറ്റി പ്രോജക്ട് ഡിവിഷന് കത്ത് നൽകിയിരുന്നു. തുടർന്ന് പൊതുമരാമത്തിെൻറ ആവശ്യം ശരിയാണെന്ന് ചൂണ്ടിക്കാട്ടി ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ കിഫ്ബിക്ക് കത്ത് നൽകി.
കിഫ്ബിയുടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കുശേഷമാണ് പാതക്ക് കേടുപാടുകളില്ലെന്ന വിചിത്ര നിരീക്ഷണം വരുന്നത്. ചില പ്രദേശങ്ങളിൽ പാതയുടെ മുക്കാൽ ഭാഗവും വെട്ടിപ്പൊളിച്ചാണ് കൂറ്റൻ പൈപ്പുകൾ നിക്ഷേപിച്ചിട്ടുള്ളത്. ജല അതോറിറ്റിക്ക് പിറകെ പാതയുടെ നവീകരണം ആവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗവും കിഫ്ബിക്ക് പരാതി സമർപ്പിക്കാനിരിക്കയാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ പാത നവീകരണത്തിനായി ടാർ ഇറക്കിയിരുന്നെങ്കിലും നിർമാണ പ്രവൃത്തികൾ നടന്നില്ല. അമ്പലപ്പാറ സെൻറർ മുതൽ മുരുക്കുംപറ്റ വരെയുള്ള പാതക്കാണ് കൂടുതലായി പരിക്ക് ബാധിച്ചത്. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ സെൻററിൽ വീണ്ടുമൊരു വെട്ടിപ്പൊളിക്കൽ ആവശ്യമായി വരുമെന്നതിനാൽ ഇവിടത്തെ നിർമാണ പ്രവൃത്തികൾക്ക് കാലതാമസം നേരിടുമെന്ന് അധികൃതർ തന്നെ പറയുന്നു. കോടികൾ മുടക്കി പണിത പാതയുടെ പുതുമ മായുംമുമ്പേ വെട്ടിപ്പൊളിക്കുകയും പൈപ്പുകൾ നിക്ഷേപിച്ചശേഷം തിരിഞ്ഞുനോക്കാതിരിക്കുകയും ചെയുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. നൂറുക്കണക്കിന് വാഹനങ്ങൾ രാപ്പകൽ സഞ്ചരിക്കുന്ന പ്രധാനപാതയിൽ എതിരെ വരുന്ന വാഹനത്തിന് കടന്നുപോകാൻ അരികുചേർത്ത് നിർത്താൻ പോലും കഴിയാത്ത വിധത്തിലാണ് പലഭാഗത്തും പാത തകർന്നുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.