ഒറ്റപ്പാലം: രണ്ടുമാസത്തെ ഫീസ് അടക്കാത്തതിെൻറ പേരിൽ ഓൺലൈൻ പഠനത്തിനായി ഏർപ്പെടുത്തിയ വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് മൂന്നാം ക്ലാസുകാരനെ സ്വകാര്യ സ്കൂൾ അധികൃതർ നീക്കിയതായി പരാതി. വാണിയംകുളത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധികൃതരുടെ നടപടിയെ തുടർന്ന് പഠനം വഴിമുട്ടിയ കുട്ടിയുടെ മാതാപിതാക്കൾ ടി.സി വാങ്ങി കൂനത്തറയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു.
കൂനത്തറയിൽ ഓട്ടോ ഡ്രൈവറായ എസ്. പ്രദീഷിെൻറ മകനാണ് പഠനവിലക്കിന് ഇരയായത്. ജൂൺ, ജൂലൈ മാസങ്ങളിലെ ഫീസാണ് അടക്കാൻ ബാക്കിയുള്ളത്. എൽ.കെ.ജി മുതൽ ഇതേ വിദ്യാലയത്തിലാണ് കുട്ടി പഠിച്ചുവരുന്നത്.
മുൻകാലങ്ങളിൽ കൃത്യമായി ഫീസ് അടച്ചുവന്നിരുന്നതാണെന്നും എന്നാൽ, ലോക്ഡൗൺ മൂലം ഓട്ടോയിൽനിന്ന് കാര്യമായ വരുമാനം ഇല്ലാതായതാണ് ഫീസ് കുടിശ്ശികക്ക് കാരണമായതെന്നും പ്രദീഷ് പറഞ്ഞു. മാസം 700 രൂപയാണ് ഫീസിനത്തിൽ അടക്കേണ്ടത്.
നിലവിൽ നേരിടുന്ന പ്രതിസന്ധി ക്ലാസ് അധ്യാപികയെ അറിയിച്ചിരുന്നതാണ്. ഒരാഴ്ചക്കകം കുടിശ്ശിക അടക്കുമെന്ന ഉറപ്പ് നൽകിയാൽ പഠനം തുടരാമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചതെന്നും കടം ലഭിക്കാൻ പോലും സാഹചര്യമില്ലാത്തതിനാൽ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ നിർബന്ധിതനാവുകയായിരുന്നെന്നുമാണ് പിതാവിൻെറ വിശദീകരണം. ഏറ്റവും കുറഞ്ഞ ഫീസാണ് കുട്ടികളിൽനിന്ന് ഈടാക്കുന്നതെന്നും ഫീസ് അടക്കാത്തതിൻെറ പേരിൽ ആരെയും ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും അധ്യാപകർക്ക് സംഭവിച്ച പിഴവാകാം കാരണമെന്നുമാണ് സ്കൂൾ അധികൃതരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.