ഒറ്റപ്പാലം: സൗജന്യ ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഒ.പിയുടെ പ്രവർത്തനം അവതാളത്തിൽ. ഡോക്ടർമാരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി. അത്യാഹിതവിഭാഗം മെഡിക്കൽ ഓഫിസർമാരും ദേശീയാരോഗ്യ ദൗത്യത്തിലുമുള്ള നാലു ഡോക്ടർമാരുടെ കുറവാണ് പരാതികൾക്ക് ഇടയാക്കുന്നത്. 1000-1200 രോഗികൾ നിത്യേന ചികിത്സ തേടി എത്തുന്ന ആശുപത്രിക്കാണ് ഈ ഗതികേട്.
ആശുപത്രിയിൽ നാല് അത്യാഹിത വിഭാഗം ഡോക്ടർമാരുടെ തസ്തികയുള്ളതിൽ രണ്ടെണ്ണവും ദേശീയാരോഗ്യ ദൗത്യത്തിന്റെ മൂന്ന് തസ്തികകളിൽ രണ്ടുമാണ് ഒഴിഞ്ഞുകിടക്കുന്നത്. നാല് ഡോക്ടർമാരുടെ കുറവ് മൂലം പ്രത്യേക വിഭാഗം ഒ.പികളുടെ പ്രവർത്തനം കൃത്യമല്ലെന്ന് കെ.ജി.എം.ഒ.എ ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇവിടെയുള്ള ഡോക്ടർമാരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റേണ്ടി വരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ ജനറൽ ഒ.പിയുടെ പ്രവർത്തനം മാത്രമാക്കി മാറ്റാൻ ആശുപത്രി അധികൃതരും നിർബന്ധിതരാകുന്നു. വിദഗ്ധ ഡോക്ടർമാരുടെ അഭാവത്തിൽ ജൂനിയർ കൺസൽട്ടൻറ് സ്പെഷ്യാലിറ്റി ഡോക്ടർമാരെ അത്യാഹിത വിഭാഗത്തിൽ നിയോഗിക്കാനും ആശുപത്രി അധികൃതർ നിർബന്ധിതരാകുന്നു. നേരത്തെ ജില്ല ആശുപത്രിയിലെയും പാലക്കാട് മെഡിക്കൽ കോളജിലെയും ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നത് ഇപ്പോൾ ഇല്ലെന്നതും ദുരിതം വർധിപ്പിക്കുന്നു.
പോസ്റ്റ്മോർട്ടം, പോക്സോയുമായി ബന്ധപ്പെട്ട ജോലികൾ, വി.ഐ.പി ചുമതല എന്നിവ കൂടിയാകുമ്പോൾ ഡോക്ടറില്ലാത്തതിന്റെ കുറവ് കൂടുതൽ ജോലിഭാരം സൃഷ്ടിക്കുന്നതായും പരാതിയിൽ ആരോപിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് താലൂക്ക് വികസന സമിതി യോഗങ്ങളിലെയും പതിവ് ചർച്ച വിഷയമാണ് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.