ഒറ്റപ്പാലം: പെരുമഴക്കാലം പിന്നിട്ട ശേഷവും നഗരത്തോട് ചേർന്ന് കിടക്കുന്ന ശാന്തിനഗർ നിവാസികളുടെ ദുരിതത്തിന് അറുതിയില്ല. വേനലിലും വറ്റാതെ തളം കെട്ടി നിൽക്കുന്ന ജനവാസ മേഖലയിലെ ചളിക്കുളമാണ് കുടുംബങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നത്. കെട്ടിനിൽക്കുന്ന മലിന ജലത്തിൽനിന്നുള്ള ദുർഗന്ധത്തിന് പുറമെ കൊതുകുശല്യവും ആരോഗ്യ പ്രശ്നങ്ങളും കാലങ്ങളായി ഒഴിയാബാധയാണ്. വീട്ടുകിണറുകളിലെ കുടിവെള്ളത്തിൽ മാലിന്യം കലരാൻ ചെളിക്കുളം കാരണമാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. കിണർ വെള്ളം ഉപയോഗിച്ചുള്ള കുളി ചൊറിച്ചിലിനും മറ്റും ഇടയാക്കുന്നതായ പരാതിയുമുണ്ട്.
പെരുമഴയിൽ കണ്ണിയംപുറം തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുമ്പോഴെല്ലാം ദുരിതം പേറുന്നത് ശാന്തി നഗർ നിവാസികളാണ്. വെള്ളപ്പൊക്കം മൂലം വീടുകളിൽ വെള്ളം കയറി പലായനം ചെയ്യേണ്ടിവരുന്നത് മഴക്കാലത്ത് പതിവാണ്. മരങ്ങളും മറ്റും വന്നടിഞ്ഞാണ് മുഖ്യമായും തോട്ടിലെ ഒഴുക്ക് തടസ്സപ്പെടാറുള്ളത്. കണ്ണിയംപുറം തോടിന്റെ വശങ്ങൾ സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാത്തതും വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നു.
കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലത്തെ കിഴക്കേ തോട്ടുപാലം എന്നിവയുടെ വശങ്ങൾ സംരക്ഷണ ഭിത്തി കെട്ടാൻ 20 കോടി രൂപ സർക്കാർ അനുവദിച്ചതായി മുൻ എം.എൽ.എ പി. ഉണ്ണി അറിയിച്ചിരുന്നതാണ്. മണ്ഡലത്തിലെ 19 പദ്ധതികൾക്കായി 244 കോടി രൂപ ബജറ്റിൽ വകയിരുത്തിയതിലാണ് തോടുകളുടെ സംരക്ഷണവും ഉൾപ്പെട്ടിരുന്നത്. 2021 നവംബറിലായിരുന്നു സംസ്ഥാന സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയിരുന്നത്. എന്നാൽ ഇതേവരെ യാതൊരു നീക്കവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായില്ല. പെരുമഴയിൽ കയറിയ വെള്ളമാണ് ചെളിക്കുളമായി വറ്റാതെയുള്ളത്. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള ചളിക്കുളം മണ്ണിട്ടുനികത്താൻ സ്ഥല ഉടമക്ക് അനുമതി നൽകുകയോ അല്ലാത്തപക്ഷം അധികൃതർ പരിഹാര നടപടികൾ കൈക്കൊള്ളുകയോ ചെയ്യണമെന്നാണ് ശാന്തിനഗർ നിവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.