ഒറ്റപ്പാലം: പുതുമോടിയിൽ തിളങ്ങുന്ന ഇരട്ടപ്പാലങ്ങൾക്ക് കീഴെ സംരക്ഷണത്തിന്റെ അഭാവത്തിൽ കണ്ണിയംപുറം തോട് നശിക്കുന്നു. വശങ്ങൾ ഇടിഞ്ഞ് വികൃതമായിക്കൊണ്ടിരിക്കുന്ന തോടിന്റെ കരയിൽ വ്യാപകമായി മാലിന്യം തള്ളുന്നതും പരിസരവാസികൾക്ക് ദുരിതമാകുകയാണ്. മഴയിൽ മാലിന്യം ഒഴുകിയെത്തുക തോട്ടിലേക്കാണ്. കുടിവെള്ള സ്രോതസ്സുകൂടിയായ ഭാരതപ്പുഴയുമായി തോട് സന്ധിക്കുന്നത്തിന്റെ ഏതാനും വാര അകലെയാണ് മാലിന്യം തള്ളൽ തുടരുന്നത്. മഴയിൽ തോട്ടിലേക്ക് ഒഴുകുന്ന മാലിന്യം തുടർന്ന് ഭാരതപ്പുഴയിലെത്താൻ ഏറെ നേരം വേണ്ട.
തോട്ടിലെ ഒഴുക്ക് നിലച്ചാൽ ഉണ്ടാകുന്ന ദുരിതം ശാന്തി നഗറിലെ 55 കുടുംബങ്ങൾ അനുഭവിച്ചതാണ്. 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ ശാന്തി നഗറിലും കണ്ണിയംപുറത്തെ ഏതാനും പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ പാർപ്പിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് രാത്രിക്ക് രാത്രി പലായനം ചെയ്യേണ്ടി വന്നത് ഇവരുടെ മഴക്കാലത്തെ നടുക്കുന്ന ഓർമകളാണ്. പനമണ്ണ പ്രദേശങ്ങളിൽനിന്ന് വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മണ്ണും മരങ്ങളും കണ്ണിയംപുറം തോട്ടിൽ അടിഞ്ഞുകൂടിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
മഴക്കാലം മുൻനിർത്തി തോട്ടിലെ തടസങ്ങൾ നീക്കുന്നതിലുണ്ടായ വീഴ്ചയാണ് സ്വന്തം വീട് ഉപേക്ഷിച്ച് കണ്ടയിടങ്ങളിൽ രാപ്പാർക്കാൻ പ്രദേശവാസികളെ ഇടയാക്കിയത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ 4.3 കോടി രൂപ ചെലവിട്ട കണ്ണിയംപുറത്തെ ഇരട്ട പാലത്തിന്റെ ഉദ്ഘാടനം നടന്നത് 2021 ഫെബ്രുവരിയി ആറിനാണ്. തോടിന് സംരക്ഷണ ഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം തോടുകളുടെ വശങ്ങൾ കോൺക്രീറ്റ് കെട്ടി ബലപ്പെടുത്തുന്നതിനായി പി.ഉണ്ണി എം.എൽ.എയുടെ കാലത്ത് 20 കോടി രൂപ 2021 നവംബറിൽ സംസ്ഥാന സർക്കാർ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.
മണ്ഡലത്തിലെ 19 പദ്ധതികൾക്കായി 244 കോടി രൂപ ബജറ്റിൽ വകയിരുത്തിയതിലാണ് തോടുകളുടെ സംരക്ഷണവും ഉൾപ്പെട്ടിരുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടതല്ലാതെ പദ്ധതിയെക്കുറിച്ച് ആർക്കും കേട്ടുകേൾവി പോലുമില്ലാത്ത അവസ്ഥയിലാണിപ്പോൾ. ഭാരതപ്പുഴയുമായി തോട് സന്ധിക്കുന്ന ഭാഗമായതിനാൽ മഴക്കാലങ്ങളങ്ങളിൽ തോടിന്റെ കവാടത്തിൽ ഉണ്ടാകുന്ന കുത്തൊഴുക്കിന്റെ ഉയർച്ച താഴ്ചകൾ കരയുടെ ഇരുവശങ്ങളിലുമുള്ള നിവാസികളുടെ സ്വൈര ജീവിതത്തിന്റെ സൂചികയായി മാറിയിട്ടുണ്ട്. മഴക്കാലത്ത് തോടിന്റെ വശങ്ങൾ ഇടിയുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. മലബാർ മേഖലയിലെ ഏക സർക്കാർ ബധിര വിദ്യാലയവും തോടിന് സമീപമാണുള്ളത്. ഈസ്റ്റ് ഒറ്റപ്പാലത്തെ കിഴക്കേ തോടിന്റെയും അവസ്ഥയും സമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.