ഒറ്റപ്പാലം: പ്രതിസന്ധികളോട് പടവെട്ടി ഉൽപാദിപ്പിച്ച കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ വിപണികളില്ലാതെ കർഷകർ വലയുന്നു. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ കച്ചവടം കുറവായതിെൻറ പേരിൽ മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ ഉൽപന്നങ്ങൾ മടക്കി അയക്കുന്നതാണ് കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും ഇറക്കിയ കൃഷിയിലെ ഉൽപന്നം ആർക്കും വേണ്ടാത്ത അവസ്ഥയിലായതായി കർഷകർ കണ്ണീർ പൊഴിക്കുന്നു.
സൗത്ത് പനമണ്ണയിലെ മല്ലിപ്പറമ്പിൽ കനകരാജ് (44) വിളയിച്ചെടുത്ത 4000 കിലോ കുമ്പളം, മത്തൻ എന്നിവ എന്തു ചെയ്യുമെന്നറിയാതെ പരക്കംപായുകയാണ്. ഹോർട്ടികോർപ് അധികൃതർ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ അവരും കൈമലർത്തിയതായി ഇദ്ദേഹം പറഞ്ഞു. മൊത്ത വ്യാപാരികൾക്ക് നൽകാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെ വിളവെടുത്തതും വിളവെടുക്കാൻ ബാക്കിയുള്ളതുമായ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിലെ ആധി പങ്കുവെക്കുകയാണ് ഇദ്ദേഹം.
രണ്ടര ഏക്കറിലെ പാടത്ത് ഇതോടൊപ്പം വിളയിറക്കിയ വെണ്ട, പയർ എന്നിവ വിറ്റഴിക്കാൻ വഴിയില്ലാതെ പൂട്ടിക്കളയേണ്ടി വന്നതായി കനകരാജൻ ആവലാതിപ്പെടുന്നു. മേഖലയിൽ നിരവധി കർഷകരാണ് കനകരാജന് സമാനമായി ദുരിതത്തിലായത്. ടൺ കണക്കിന് പച്ചക്കറിയാണ് കെട്ടിക്കിടക്കുന്നത്. ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ പാതകൾ അടച്ചിട്ടതിനെ തുടർന്ന് ഉൽപന്നങ്ങൾ മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഹോം ഡെലിവറിയെന്ന നിബന്ധനയിൽ മാത്രം തുറന്നു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ വിൽപന നാമമാത്രമാണ്. വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിളവെടുക്കാൻ പോലും കർഷകർ തയാറാകുന്നില്ല. അമിത മഴയിൽ വെള്ളം മൂടിയ പാടശേഖരങ്ങളിൽ വിളവെടുക്കാതെ ഇതേ നില തുടരുന്നത് ഉൽപന്നങ്ങൾ നശിക്കാനും സാധ്യതയേറെയാണ്. അധിക സംഭരണം കൈവരിച്ചതാണ് ഹോർട്ടികോർപ് പിൻവാങ്ങാൻ കാരണമെന്നാണ് വിവരം.
കനകരാജൻെറ അവസ്ഥ കണ്ടറിഞ്ഞ ഒറ്റപ്പാലം കൃഷി ഓഫിസർ സന്നദ്ധ സംഘടനകളോ വാർഡ് കൗൺസിലർമാരോ ഇവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സഹായിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.