ഒറ്റപ്പാലം: അതിരുവിട്ടുള്ള വാനരശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഗ്രാമീണ മേഖലയിൽനിന്ന് പോലും അകലം പാലിച്ച് ജീവിച്ചിരുന്ന കുരങ്ങന്മാർ ഇന്ന് ജനത്തിരക്കേറിയ നഗരത്തിൽ ചിരപരിചിത കാഴ്ചയാണ്. വീടുകളിലെ മേൽക്കൂരയിലെ ഓട് നീക്കി വീടിനകത്തും അടുക്കളയിലും സൂക്ഷിച്ച പാചകം ചെയ്ത ഭക്ഷണ പദാർഥങ്ങൾ ഉൾെപ്പടെ എടുത്തുകൊണ്ടുപോകുന്നുണ്ട്. തെങ്ങിൽനിന്ന് തേങ്ങ പറിച്ചെടുത്ത് വെള്ളം കുടിച്ചശേഷം തൊണ്ട് വീടിന് മുകളിലേക്കെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കുരങ്ങ് ശല്യം വർധിച്ചതോടെ വാഴ, പച്ചക്കറി തുടങ്ങിയ സകല കൃഷികളും നശിപ്പിക്കപ്പെടുന്നുണ്ട്. പന്നി, മയിൽ തുടങ്ങിയവ നാട്ടിലിറങ്ങി വിളകൾ നശിപ്പിക്കുന്നതിന് പുറമെയാണ് വാനര വിളയാട്ടം. അനങ്ങൻമല താവളമാക്കി കഴിഞ്ഞിരുന്ന വാനരസംഘം ആദ്യകാലങ്ങളിൽ മലയുടെ താഴ്വാര ഗ്രാമങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. മേലൂർ, അറവക്കാട്, തിരുണ്ടി, മലപ്പുറം, മുരുക്കുംപറ്റ പ്രദേശങ്ങളിൽ വർഷങ്ങളായി ഇവയുടെ ശല്യം തുടർകഥയാണ്. ജനവാസ മേഖലകളിലേക്ക് വാനരസംഘം കൂടുതലായി വരുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്, ആട്ടിയോടിക്കാൻ ശ്രമിച്ചാൽ തിരികെ പ്രതികരിക്കും വിധം ഭയരഹിതമായി ഇവ പെരുമാറുന്നതായാണ് നാട്ടുകാർ പറയുന്നത്. ഒറ്റപ്പാലം െറയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പള്ളം തുടങ്ങിയ മേഖലകൾ പോലും ഇപ്പോൾ ഇവയുടെ സ്വൈരവിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.