ഒറ്റപ്പാലം: നഗരസഭ പരിധിയിൽ അവശ്യ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി തുറക്കാൻ അനുവദിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഗസ്റ്റ് ഒന്ന് മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നഗരസഭയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മാസത്തിൽ ഒരുതവണ ജീവനക്കാർ പരിശോധന പുതുക്കുകയും നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതുകയും വേണം. അവശ്യ സേവനങ്ങളുടെ പ്രവർത്തന സമയം ഉച്ചക്ക് രണ്ട് വരെയെന്ന നിയന്ത്രണം തുടരും. നഗരസഭയിലെ ഒന്ന്, 10 15, 25 വാർഡുകളിലാണ് കോവിഡ് രോഗികൾ കൂടുതലുള്ളത്. ഇതിൽ ഒന്നും പത്തും അതിതീവ്രബാധിത വാർഡുകളാണ്.
ഈ വാർഡുകളിലേക്ക് മാത്രമായി പ്രത്യേക പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. രോഗികളുടെ എണ്ണത്തിലെ വർധന കണക്കിലെടുത്ത് താലൂക്ക് ആശുപത്രിയിൽ നടന്നുവരുന്ന പരിശോധനകൾ വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
പരിശോധനക്കൊപ്പം മരുന്ന് ലഭ്യതയനുസരിച്ച് കുത്തിവെപ്പ് കൂടുതൽ പേരിലെത്തിക്കാനും തീരുമാനിച്ചു. ഒറ്റപ്പാലം ബധിര വിദ്യാലയം, ഗവ. ആയുർവേദ സബ് സെൻറർ, വരോട് സ്കൂൾ എന്നിവിടങ്ങളിൽ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ സജ്ജമാണ്. ആവശ്യമെങ്കിൽ നിർദേശം ലഭിക്കുന്ന മുറക്ക് രോഗികളെ ഇതിലേക്ക് മറ്റുമെന്നും നഗരസഭ ഉപാധ്യക്ഷൻ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിഷാദ്, കോവിഡ് നോഡൽ ഓഫിസർ ഡോ. പി.ജി. മനോജ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.