ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിലെ ബസുകളുടെ തലതിരിഞ്ഞ പാർക്കിങ്ങിന് താൽക്കാലിക വിരാമം. ഏറെനാളത്തെ മുറവിളികൾക്കൊടുവിൽ ബസ് കാത്ത് നിൽക്കുന്നവർക്കായി ഒരുക്കിയ ടെർമിനലിലെ ഇരിപ്പിടങ്ങൾക്ക് അഭിമുഖമായി ബസുകൾ തിങ്കളാഴ്ച രാവിലെ മുതൽ പാർക്കിങ് ആരംഭിച്ചു. യാത്രക്കാർക്ക് ബസിന്റെ പിൻവശം കാണാവുന്ന വിധത്തിൽ പുറംതിരിച്ചാണ് ഇതുവരെ ബസുകൾ പാർക്ക് ചെയ്തിരുന്നത്.
ഇതുമൂലം യാത്രക്കാർക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടും അപകടഭീഷണിയും കണക്കിലെടുത്ത് ഈ രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി, താലൂക്ക് വികസന സമിതി യോഗങ്ങളിൽ പരാതികളെത്തിയെങ്കിലും തലതിരിഞ്ഞ പരിഷ്കാരം തുടരുകയായിരുന്നു.
മഴയോ വെയിലോ ഭേദമില്ലാതെ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും വയോധികരും പുറംതിരിഞ്ഞ് പാർക്ക് ചെയ്യുന്ന ബസിന്റെ മുന്നിൽപോയി സ്ഥലനാമം വായിക്കേണ്ട ഗതികേടാണ് പരാതികൾക്ക് കാരണമായത്.
ജില്ലയിലെ വിസ്തൃതിയുള്ള ബസ് സ്റ്റാൻഡുകളിൽ ഒന്നായ ഒറ്റപ്പാലത്ത് അശാസ്ത്രീയ പാർക്കിങ് പരിഷ്കാരവും സ്റ്റാൻഡിനകത്തേക്ക് വരുന്ന ബസുകളുടെ അമിതവേഗതയും ഒട്ടേറെ അപകടങ്ങൾക്കും ജീവഹാനിക്കും ഇടയായിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 31ന് കൊൽക്കത്ത സ്വദേശിയായ തൊഴിലാളി മരിച്ചതോടെയാണ് അധികൃതർ ഉണർന്നത്. വേഗത നിയന്ത്രിക്കാൻ സ്റ്റാൻഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന്റെ അടുത്ത ദിവസം സ്വകാര്യ ബസ് സ്റ്റാൻഡിന്റെ കമാനത്തിലിടിച്ച് ആറുപേർക്ക് പരിക്കേറ്റിരുന്നു.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പാർക്കിങ് തീരുമാനം. നഗരസഭ അധ്യക്ഷ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.