ഒറ്റപ്പാലം: സ്ഥിരം സൂപ്രണ്ടിന്റെ അഭാവത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രി നാഥനില്ലാ കളരിയായി. ഡയാലിസിസ്, അർബുദ ചികിത്സ, കോവിഡ് ചികിത്സ തുടങ്ങിയ സേവനങ്ങൾക്ക് പുറമെ 800ലേറെ രോഗികൾ നിത്യേന ഒ.പിയിൽ പരിശോധനക്കെത്തുന്ന ആശുപത്രിക്കാണ് എട്ടു മാസമായി ഈ ദുർഗതി.
ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. താജ്പോൾ പനക്കൽ 2020 മെയിലാണ് സ്ഥലംമാറ്റത്തെ തുടർന്ന് ആശുപത്രി വിട്ടത്. ചിറയിൻകീഴ് ആശുപത്രിയിൽ സൂപ്രണ്ടായ ഡോക്ടറെ സെപ്റ്റംബറിൽ ആരോഗ്യവകുപ്പ് പകരം നിയോഗിച്ചെങ്കിലും ഇവർ ചുമതല ഏറ്റെടുക്കാനെത്തിയില്ല.
ആശുപത്രിയുടെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനെ സൂപ്രണ്ടിന്റെ അഭാവം സാരമായി ബാധിച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ടി.ജി. നിഷാദിന് സൂപ്രണ്ടിന്റെ അധിക ചുമതല കൂടി നൽകുകയായിരുന്നു. ഇത് ആശുപത്രിയിലെ ശസ്ത്രക്രിയയെ സാരമായി ബാധിച്ചുതുടങ്ങി. ഇദ്ദേഹം അവധിയെടുത്തതിനെ തുടർന്ന് കോവിഡ് നോഡൽ ഓഫിസർ കൂടിയായ ഡോ. പി.ജി. മനോജിനായി സൂപ്രണ്ടിന്റെ അധിക ചുമതല. അൽപ കാലത്തിന് ശേഷം സൈക്യാട്രി വിഭാഗത്തിലെ ഡോ. ദീപുവിന് ചുമതല കൈമാറി.
നിലവിൽ ഇദ്ദേഹമാണ് സൂപ്രണ്ട് ചുമതല വഹിച്ചുവരുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് മൂലം കൂടുതൽ ജോലിഭാരം ഏറ്റെടുക്കേണ്ടിവരുന്നതിനിടയിലാണ് സൂപ്രണ്ടിന്റെ അധിക ജോലിക്ക് കൂടി ഡോക്ടർമാർ നിർബന്ധിതരാകുന്നത്.
സൂപ്രണ്ട് ഇല്ലാത്തതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഇക്കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും ചർച്ചയായിരുന്നു. എത്രയും വേഗം ഒഴിവുള്ള സൂപ്രണ്ട് തസ്തിക നികത്താൻ നടപടി കൈക്കൊള്ളണമെന്നതാണ് ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പൊതുവായ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.