ഒറ്റപ്പാലം: പൂർണമായും തകർന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയിൽ നടുവൊടിക്കുന്ന ദുരിതയാത്രക്ക് അറുതിയില്ല. പാത റബറൈസ്ഡ് ചെയ്ത് നവീകരിക്കാൻ തയാറാക്കിയ പദ്ധതി അഞ്ച് വർഷം പിന്നിടുന്ന വേളയിലും എങ്ങുമെത്തിയിട്ടില്ല. കിഫ്ബിയുടെ 54.29 കോടി രൂപയുടെ പദ്ധതിയാണിത്. പരാതികൾ ഭീഷണികളായി മാറുമ്പോൾ വല്ലപ്പോഴും നടക്കുന്ന കുഴിയടക്കലിൽ കാര്യങ്ങൾ ഒതുങ്ങുകയാണ്.
ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയുള്ള 11 കിലോ മീറ്റർ പാതയാണ് കൂടുതൽ തകർന്നത്. കീഴൂർ മുതൽ ചെർപ്പുളശ്ശേരി വരെയുള്ള പാതയുടെ ആദ്യഘട്ട നവീകരണം നേരത്തെ കഴിഞ്ഞതാണ്. ഒറ്റപ്പാലത്തുനിന്നും ചെർപ്പുളശ്ശേരി വഴി വിവിധ പ്രദേശങ്ങളിലേക്കുള്ള മുഖ്യ പാതയായതിൽ തന്നെ ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
റോഡിന്റെ ശോച്യാവസ്ഥ കണ്ടറിഞ്ഞ് മംഗലാംകുന്ന് അമ്പലപ്പാറ വഴിയും കോതകുറുശ്ശിയിൽ നിന്നും വാണിയംകുളം വഴിയും ഒറ്റപ്പാലത്തേക്ക് വാഹനം തിരിച്ചുവിടുകയാണ്. കൂടുതൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്നാലും നടുവൊടിയും വിധത്തിലുള്ള കുഴികളും ദുരിതവും ഒഴിവാക്കാനാകുമെന്നതാണ് കാരണം.
സ്ഥിരം റൂട്ടിലോടാൻ നിർബന്ധിതരാകുന്ന സ്വകാര്യ ബസുകളാണ് തകർന്ന പാതമൂലം കൂടുതൽ വെട്ടിലാവുന്നത്. സെപ്റ്റംബർ 30ന് മുമ്പായി പാത പണി ആരംഭിക്കാത്തപക്ഷം ഇതുവഴി ഓടുന്ന ബസുകളുടെ സർവിസ് നിർത്തിവെക്കുമെന്ന് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് അവിടവിടെയായി അൽപസ്വൽപം കുഴികൾ അടച്ചതൊഴിച്ചാൽ പാത നവീകരണത്തിന് തുടക്കമായിട്ടില്ല.
മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറയുമ്പോഴാണ് സ്ഥിതി കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്. വഴിയും കുഴിയും തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നതും മറ്റുവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇക്കാലയളവിൽ സമീപത്തെ പല റോഡുകളും അറ്റകുറ്റപണികൾ നടന്നിട്ടും ഒറ്റപ്പാലം- ചെർപ്പുളശ്ശേരി റോഡ് അനാഥാവസ്ഥയിൽ തുടരുന്നതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.