ഒറ്റപ്പാലം: നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ആരംഭിക്കാനിരുന്ന ഷി ലോഡ്ജ് പദ്ധതി അനിശ്ചിത്വത്തിൽ. രാത്രി/fൽ ഒറ്റപ്പാലത്തെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള സംവിധാനമാണ് എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷവും തൃശങ്കുവിലായത്.
സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ ബസ് സ്റ്റാൻഡിൽ വനിതകളെ പാർപ്പിക്കുന്നതിലെ ആശങ്കയാണ് പദ്ധതിക്ക് തടസ്സമാകുന്നത്. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ തന്നെയാണ് ബീവറേജസിന്റെ മദ്യവിൽപന ശാലയും പ്രവർത്തിക്കുന്നത്. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ താവളം ബസ് സ്റ്റാൻഡ് തന്നെയാണ്. രാത്രി കാലങ്ങളിൽ തീർത്തും വിജനമാകുന്ന സ്റ്റാൻഡിൽ ശേഷിക്കുന്നത് ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധർ മാത്രമാണ്. ഇതാണ് നഗരസഭ അധികൃതരെ ആശങ്കപ്പെടുത്തുന്നത്. ബസ് സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഷി ലോഡ്ജ് സംവിധാനം ഒരുക്കിയിരുന്നത്.
ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ട് രണ്ട് വർഷത്തിലേറെയായി. ഇതിനാവശ്യമായ തുക കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അടുത്ത ബജറ്റിൽ ഇതിന് തുക വകയിരുത്തിയശേഷം പദ്ധതി ആരംഭിക്കുമെന്നുമാണ് നഗരസഭ അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിലെല്ലാമുപരി ഷി ലോഡ്ജ് നടത്തികൊണ്ടുപോകുന്നതിലെ വെല്ലുവിളികളാണ് പിൻവലിയലിന് കാരണമെന്നാണ് സൂചന.
നേരത്തെ കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കുന്ന മുറക്ക് ഷീ ലോഡ്ജ് പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ബസ് സ്റ്റാൻഡും സമീപത്ത് തന്നെ റെയിൽവേ സ്റ്റേഷനുമുള്ള ഒറ്റപ്പാലത്ത് സൗകര്യമുള്ള ഒരിടം എന്ന നിലക്കാണ് ഇവയുടെ സമീപത്തുതന്നെയുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറികൾ ഇതിനായി തെരഞ്ഞെടുത്തത്. ഓഫീസുകളിൽ ജോലിചെയ്യുന്നവർക്കും പഠനാവശ്യത്തിന് ഒറ്റപ്പാലത്തെന്നുവർക്കും താമസ സൗകര്യം ഒരു വെല്ലുവിളിയാണ്.
ഷീ ലോഡ്ജ് പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നായിരുന്നു വിലയിരുത്തൽ. ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ച് കിടക്കകൾ നേരത്തെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ശൗച്യാലയങ്ങളുള്ള കേന്ദ്രത്തിൽ മേശയും കസേരകളും ഫാനും തയ്യാറാണ്. നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകുമെന്നും അധികൃതർ പ്രഖ്യാപിച്ചിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.