ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിലെ താളക്കേടുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. താലൂക്ക് വികസന സമിതി, നഗരസഭ കൗൺസിൽ യോഗങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനത്തിലെ താളക്കേടുകൾക്കെതിരെ നിരന്തരം പരാതികൾ ഉയരുകയും ഇതേവിഷയം ഉന്നയിച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ തന്നെ സമരം സംഘടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയുടെ മാറാവ്യാധിക്കുള്ള ‘ചികിത്സ’യുമായി അധികൃതർ രംഗത്തുവന്നത്. ഒഴിവുള്ള തസ്തികകളിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കാനുള്ള നീക്കമാണ് ഇതിൽ മുഖ്യം.
ഡോക്ടർമാരുടെ കുറവ് നികത്താനായി അത്യാഹിത വിഭാഗത്തിലേക്ക് ഒരു ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ ഇതിനകം പൂർത്തിയായി. ഡയാലിസിസ് യൂനിറ്റിലേക്കുള്ള നഴ്സിങ് ഓഫിസർ, ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നിവരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്തിന് 23ന് രാവിലെ 10ന് അഭിമുഖമുണ്ട്.
രോഗികളുടെ ആധിക്യം മൂലം മുഴുവൻ ഡോക്ടർമാരുടെയും സേവനം ഒ.പിയിൽ വേണ്ടിവരുന്നതിനാൽ പ്രത്യേക ചികിത്സ വിഭാഗങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല. തൊട്ടടുത്ത പ്രവർത്തി ദിവസം ഏതെല്ലാം ചികിത്സ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ സേവനം ലഭിക്കുന്ന ചികിത്സാ വിഭാഗങ്ങളും ഡോക്ടർമാരുടെ പേരും സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ ഉൾപ്പടെ പുതിയ ഡോക്ടറുടെ നിയമനം ഏറെ ആശ്വാസമാകും.
കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ജില്ല, മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയാണെന്ന പരാതിയുമുണ്ട്. ഇതുസംബന്ധിച്ച് കാര്യകാരണങ്ങൾ സഹിതം രേഖപ്പെടുത്തുന്നതിന് പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കണം. കൂടാതെ, ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി നഗരസഭ ഉപാധ്യക്ഷൻ തന്നെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സമൂഹത്തിൽ മതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് തിരിച്ചടിയായത് മാസങ്ങൾക്ക് മുമ്പ് നടന്ന ഡോക്ടർമാരുടെ കൂട്ട സ്ഥലം മാറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.