ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്ക് സ്വപ്നപദ്ധതിയായി തുടരുന്നു. രണ്ടുവർഷം മുമ്പ് അര കോടി രൂപ വകയിരുത്തിയ പദ്ധതിയാണ് പ്രഖ്യാപനത്തിലൊതുങ്ങുന്നത്. രക്ത ബാങ്ക് നിർമാണത്തിന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽനിന്ന് അനുമതി ലഭിക്കാത്തതാണ് പദ്ധതി യാഥാർഥ്യമാകുന്നതിന് തടസ്സമാകുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സംസ്ഥാനത്തിനുതന്നെ മാതൃകയായ സൗജന്യ ഡയാലിസിസ് സേവനവും കീമോതെറപ്പിയുമുള്ള ആശുപത്രിക്കാണ് ഈ ദുർഗതി. രക്തം ആവശ്യമായിവരുന്ന ഘട്ടങ്ങളിൽ രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. ഏറ്റവും കുറഞ്ഞത് പാലക്കാടോ മണ്ണാർക്കാടോ എത്തിവേണം രക്തം ലഭ്യമാക്കാൻ. പോയിവരുന്നതിനായി 70-80 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടിവരുന്നത്. നിലവിൽ 20 ബാഗ് രക്തം സൂക്ഷിക്കാനുള്ള സംവിധാനമാണ് ആശുപത്രിയിലുള്ളത്.
ഈ സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രിക്ക് സ്വന്തമായി രക്ത ബാങ്ക് എന്ന ആശയമുദിച്ചത്. രക്ത ബാങ്ക് പ്രവർത്തിക്കുന്നതിന് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ആശുപത്രിയിലെത്തിയിട്ട് ഒമ്പതു മാസത്തിലേറെയായി. അപേക്ഷ സമർപ്പിച്ചശേഷം ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ തൃശൂർ റീജനൽ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടിട്ടും പരിശോധനക്ക് ആരുമെത്തിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആശുപത്രിയിൽ നടപ്പാക്കുന്ന വികസനം സംബന്ധിച്ച മാസ്റ്റർ പ്ലാനിൽ ബ്ലഡ് ബാങ്കിന് പുതിയ കെട്ടിടം അനുവദിച്ചിട്ടുണ്ട്. കാലതാമസം നേരിടുന്ന സാഹചര്യത്തിൽ നിലവിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ രക്ത ബാങ്കിന് കെട്ടിടം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പുതിയ കെട്ടിടം പൂർത്തിയാകുമ്പോൾ കുത്തിവെപ്പ് വിഭാഗം അവിടേക്ക് മാറ്റാനും രക്ത ബാങ്ക് ഇതിൽ തുടരാനുമാണ് തീരുമാനം. ഇതിനുള്ള അനുമതിയുടെ ഭാഗമായ പരിശോധനയാണ് വൈകുന്നത്. രക്തത്തിന്റെ വിവിധ ഘടകങ്ങൾ തരംതിരിച്ച് സൂക്ഷിക്കാൻ സഹായകമായ ആധുനിക രീതിയിലുള്ള രക്ത ബാങ്കാണ് ആശുപത്രിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി പ്രധാനപ്പെട്ട യന്ത്രസാമഗ്രികളെല്ലാമാണ് ആശുപത്രിയിലെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.