ഒറ്റപ്പാലം: ഒമ്പത് മാസമായി അടഞ്ഞു കിടക്കുന്ന താലൂക്ക് ആശുപത്രിയിലെ കാന്റീൻ തുറന്നു നൽകാൻ നടപടിയായില്ല. ആയിരത്തോളം രോഗികൾ നിത്യേന ചികിത്സതേടുന്ന, ധാരാളം കിടപ്പ് രോഗികളുമുള്ള ആശുപത്രിയിലാണ് കാന്റീൻ അനിശ്ചിതത്വത്തിൽ തുടരുന്നത്.
നിശ്ചയിച്ച വാടകയിൽ ഗണ്യമായ കുറവ് വരുത്തിയിട്ടും ഇതുവരെ ഏറ്റെടുത്ത് നടത്താൻ കരാറുകാർ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിശ്ചയിച്ച വാടക തുടർന്ന് നൽകാൻ മാത്രം വരുമാനവുമില്ലെന്ന് പറഞ്ഞാണ് 2023 ഡിസംബറിൽ കരാറുകാരൻ കാന്റീൻ അടച്ചത്. ഇതോടെ തിളച്ച വെള്ളത്തിനും ഒരു ഗ്ലാസ് ചായക്കും ആശുപത്രിക്ക് എതിരിൽ റോഡിന് അപ്പുറമുള്ള ഹോട്ടലുകളെയും ചായക്കടകളെയും ആശ്രയിക്കേണ്ട അവസ്ഥയിലായി. തിരക്കേറിയ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് മുറിച്ചുകടക്കൽ ഭയന്ന് പലരും ഹോട്ടലിൽ പോകാറുമില്ല.
പ്രതിമാസം 55,000 രൂപയാണ് കാന്റീന് നിശ്ചയിച്ചിരുന്ന വാടക. രോഗികളുടെ ദുരിതം കണ്ടറിഞ്ഞ് പുതിയ കരാറുകാരനെ കണ്ടെത്തുന്നതിനായി രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയില്ല. തുടർന്ന് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനപ്രകാരം വാടക 26,000 രൂപയായി കുറച്ച് ക്വട്ടേഷനിലൂടെ പുതിയ കരാറുകാരനെ കണ്ടെത്തിയെങ്കിലും ഇദ്ദേഹം പല കാരണം പറഞ്ഞ് പിന്നീട് ഒഴിവായി.
നേരത്തെ ഉണ്ടായിരുന്ന കിടപ്പ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് നേരിടുന്നതാണ് കാന്റീൻ നടത്തുന്നതിൽനിന്ന് കരാറുകാർ പിന്മാറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കിടപ്പ് രോഗികളെ ആശ്രയിച്ചാണ് പ്രധാനമായും കാന്റീൻ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ കാന്റീൻ വാടക 15,000 രൂപയായി വീണ്ടും കുറച്ചിട്ടുണ്ട്. ആശുപത്രി പരിസരത്തെ ഭക്ഷണ ശാലകൾ അടച്ചിട്ട തിരുവോണ നാളിൽ കാന്റീൻ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവപ്പെട്ടതായി രോഗികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.