ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയുൾെപ്പടെയുള്ള സേവനങ്ങളിൽ നേരിടുന്ന അപാകത ചൂണ്ടിക്കാട്ടി നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പരാതിപ്രളയം. ഭവന പദ്ധതിയിൽനിന്ന് ഒഴിവാക്കിയ 74 പേർക്ക് പകരം പുതിയ ഗുണഭോക്താക്കളെ ഡി.പി.ആറിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ് ആശുപത്രി വിഷയം ചർച്ചയായത്. 85 കാരിയെ കഴിഞ്ഞ ദിവസം അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ നഗരസഭ അധ്യക്ഷ കെ. ജാനകിദേവിയും കൗൺസിലർമാരും പരാതിയുമായി ആശുപത്രിയിൽ പോകേണ്ട സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ രംഗത്തുവന്നത്.
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ പാലക്കാട് ജില്ല ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും റഫർ ചെയ്യുകയാണെന്ന പരാതി കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വയോധികയെ അഡ്മിറ്റ് ചെയ്യുന്നതിന് തടസ്സം പറഞ്ഞെന്ന പരാതിയിൽ നഗരസഭ അധ്യക്ഷയുൾെപ്പടെ ആശുപത്രിയിലെത്തിയത്.
ഡോക്ടർമാരുടെ കൂട്ടസ്ഥലംമാറ്റത്തെ തുടർന്ന് ആശുപത്രി കുത്തഴിഞ്ഞ അവസ്ഥയിലായെന്നും ഡയാലിസിസ് ഉൾെപ്പടെയുള്ള സേവനങ്ങൾക്ക് നഗരസഭ അധ്യക്ഷ മുതൽ സബ് കലക്ടറെ വരെ കാണേണ്ട അവസ്ഥയാണെന്നും ബി.ജെ.പി കൗൺസിലർ ആരോപിച്ചു. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമായ ഘട്ടങ്ങളിലാണ് മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതെന്നും നിയമനം ലഭിച്ച ഡോക്ടർമാരിൽ നാലുപേർ അവധിയിലാണെന്നും സ്ഥലം മാറിയെത്തിയ അപരിചിതരായ ഡോക്ടർമാരുമായി പഴയപോലെ മാനസിക പൊരുത്തം ഇല്ലാത്തതാണ് പരാതിക്ക് ഇടയാക്കുന്നതെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
ഒന്ന് മുതൽ ആറ് ഡി.പി.ആറുകളിലായി ഒഴിവാക്കപ്പെട്ട 74 പേർക്ക് പകരം പുതിയ ഗുണഭോക്താക്കളെ ഡി.പി.ആർ ഏഴിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകണമെന്ന നിർദേശവും ഒച്ചപ്പാടിനിടയാക്കി. ഒഴിവാക്കിയവർക്ക് പകരം വാർഡ് അടിസ്ഥാനത്തിൽ പുതിയ ആളുകളെ കണ്ടെത്തണമെന്നും പുതിയ അപേക്ഷ ക്ഷണിക്കണമെന്നും ആവശ്യമുയർന്നെങ്കിലും നിലവിലെ ലിസ്റ്റിൽനിന്ന് മാത്രമേ ഗുണഭോക്താക്കളെ നിർദേശിക്കാനാകൂ എന്നും പി.എം.എ.വൈ പദ്ധതി അവസാനിച്ചതിനാൽ ലൈഫ് പദ്ധതിയിൽനിന്ന് മാത്രമാണ് പരിഗണിക്കാനാകൂ എന്നും അധികൃതർ വ്യക്തമാക്കി. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.