ഒറ്റപ്പാലം: നാലര പതിറ്റാണ്ട് കാലം അന്യാധീനപ്പെട്ടുകിടന്ന 14 സെന്റ് ഇനി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് സ്വന്തം. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഇത് സഹായകമാകും. ഒറ്റപ്പാലം തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം താലൂക്ക് സർവേയർമാർക്കൊപ്പം എത്തിയാണ് ഭൂമി ആശുപത്രി സൂപ്രണ്ടിന് കൈമാറിയത്.
1975 മുതൽ സി.പി.എം പ്രാദേശിക നേതാവ് അധ്യക്ഷനായ ഒറ്റപ്പാലം ഗ്രൂപ് ഹോസ്പിറ്റൽ സഹകരണ സൊസൈറ്റി കൈവശം വെച്ചുവന്ന ഭൂമിയാണ് ആശുപത്രിക്ക് കൈമാറിയത്. ആശുപത്രിയുടെ വികസന പ്രവർത്തങ്ങൾക്ക് സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് സൊസൈറ്റി അധികൃതർ സമ്മതിക്കുകയും ഇതനുസരിച്ച് ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന പരാതി പിൻവലിക്കുകയും ചെയ്തതോടയാണ് സ്ഥലം ഏറ്റെടുത്തു നൽകാൻ കോടതി ഉത്തരവിട്ടത്. 1957-58 കാലഘട്ടത്തിൽ ആരോഗ്യസേവന രംഗത്തുണ്ടായിരുന്ന സ്കിപോയുടെ കൈവശമായുണ്ടായിരുന്ന കെട്ടിടം ഉൾപ്പെടെയുള്ള ഭൂമിയാണ് ഗ്രൂപ് ഹോസ്പിറ്റൽ സഹകരണ സൊസൈറ്റിക്ക് കൈമാറിയത്. ഭൂമി പതിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സൊസൈറ്റി സമർപ്പിച്ച അപേക്ഷ മൂന്ന് പതിറ്റാണ്ടിനുശേഷം 2017ൽ സർക്കാർ നിരസിച്ചിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ സൊസൈറ്റി ഭാരവാഹികൾ ഹൈകോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. തുടർന്ന് പലതവണ പ്രശ്ന പരിഹാരത്തിനായി ശ്രമം നടന്നെങ്കിലും സ്ഥലം വ്യവഹാരത്തിൽ കുടുങ്ങിക്കിടന്നു.
അനിശ്ചിതത്വത്തിനിടയിൽ മുൻ എം.എൽ.എ പി. ഉണ്ണിയും സബ് കലക്ടറായിരുന്ന അർജുൻ പാണ്ഡ്യനും 2021 ഫെബ്രുവരിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് സ്ഥലം വിട്ടുനൽകാമെന്നും കോടതിയിലെ കേസ് പിൻവലിക്കാമെന്നും സൊസൈറ്റി പ്രസിഡന്റ് അറിയിച്ചത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഭൂമി വിട്ടുനൽകാതിരുന്നത് പ്രതിഷേധങ്ങൾക്കിടയാക്കി. താലൂക്ക് വികസന സമിതി യോഗത്തിലും നഗരസഭ കൗൺസിൽ യോഗങ്ങളിലും ഇക്കാര്യം സജീവ ചർച്ചയായി. പരാതി പിൻവലിച്ച് കേസ് ഒത്തുതീർപ്പാക്കിയ ശേഷവും ഭൂമി ഏറ്റെടുക്കൽ അനിശ്ചിതാവസ്ഥയിൽ തുടർന്നു.
1999 മുതൽ 2009 വരെ 14 സെന്റും കെട്ടിടവും മാർബിൾ കച്ചവടത്തിനായി സ്വകാര്യ സ്ഥാപനത്തിന് നൽകി ഭീമമായ തുക വാടകയായി കൈപ്പറ്റിയതായി എ.ജി ഓഫിസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാടക ഇനത്തിൽ കൈപ്പറ്റിയ തുകയും പിഴയും ബന്ധപ്പെട്ട വ്യക്തിയിൽനിന്ന് ഈടാക്കണമെന്ന് ഹൈകോടതിയിലെ കേസിൽ കക്ഷി ചേർന്നിരുന്ന പി.എം.എ. ജലീൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.