ഒറ്റപ്പാലം: വേനൽ കടുത്തതോടെ ഒറ്റപ്പാലത്ത് നിളക്ക് കുറുകെ താൽക്കാലിക തടയണ നിർമിക്കണമെന്ന ആവശ്യം സജീവമായി. 2007ന് ശേഷം ഇവിടെ താൽക്കാലിക തടയണ നിർമിച്ചിട്ടില്ല. വിശാലമായ മണൽപ്പരപ്പിൽ പടിഞ്ഞാറേ അരിക് ചേർന്ന് ഒലിക്കുന്ന കണ്ണീർ കാഴ്ചയാണ് ഇന്ന് ഒറ്റപ്പാലത്ത് നിള. മീനചൂടകുന്നതോടെ ഇപ്പോഴുള്ള കണ്ണീർ ചാലും അപ്രത്യക്ഷമായേക്കും.
കടുത്ത വേനലിലും തെളിനീരുമായി ഇരുകര മുട്ടി പരന്നൊഴുകിയിരുന്ന പണ്ടത്തെ ഭാരതപ്പുഴ പഴമനസ്സുകളിൽ കുളിരുള്ള ഓർമയാണ്. തടയണയുടെ ആവശ്യം അക്കാലത്തുണ്ടായിരുന്നില്ല. പതിറ്റാണ്ടുകളോളം നീണ്ട മണൽ ഖനനം പുഴയുടെ ജലസംഭരണ ശേഷി നഷ്ടമാക്കി. തുടർന്നാണ് വേനലിലെ കടുത്ത ജലക്ഷാമം അകറ്റാൻ താൽക്കാലിക തടയണ പരീക്ഷിച്ചത്.
അത് വിജയമായതോടെ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് പുഴക്ക് കുറുകെ താൽക്കാലിക തടയണ നിർമിച്ചിടത്ത് സ്ഥിരം തടയണ നിർമിക്കുന്നതിന്റെ ആലോചനകളും തുടർന്നു നടന്നു. 2007ൽ കേരളത്തിലെ 44 നദികളെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഒറ്റപ്പാലത്തെ സ്ഥിരം തടയണയുടെ പ്രഖ്യാപനവും നടന്നിരുന്നു. എന്നാൽ ഒന്നും നടപ്പിലായില്ല. സ്ഥിരം തടയണയുടെ പ്രഖ്യാപനത്തെ തുടർന്നാണ് വേനലിൽ പതിവായി നിർമിച്ചിരുന്ന താൽക്കാലിക തടയണ ഇല്ലാതായത്. ഗ്രാമീണ മേഖലയിലൂടെ ഒഴുകുന്ന തോടുകൾക്ക് കുറുകെയുള്ള താൽക്കാലിക തടയണകളിൽ വെള്ളം സംഭരിക്കാനാകാതെ കർഷകർ ഉൾപ്പടെ ദുരിതത്തിലാണ്. പുഴയിൽ ജല സംഭരണം സാധ്യമാകുന്ന പക്ഷം പ്രദേശ വാസികൾക്കും തീരങ്ങളിലെ കർഷകർക്കും വലിയ അനുഗ്രഹമാകും.
ഇത്തിരി വെള്ളത്തിൽ കുളിക്കാൻ ദൂര ദിക്കുകളിൽ നിന്നുപോലും വൈകുന്നേരങ്ങളിൽ ഒറ്റപ്പാലത്ത് ആളെത്തുന്നുണ്ട്. ഒറ്റപ്പാലത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ള ലക്കിടിയിലും ഷൊർണൂരിലും സ്ഥിരം തടയണകൾ യാഥാർഥ്യമായിട്ട് കാലമേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.