ഒറ്റപ്പാലം: നൂറ്റാണ്ടുകളുടെ പ്രതാപമുള്ള വാണിയംകുളം ചന്തയുടെ വികസനം ഇടക്കിടെ നടത്തുന്ന മുഖം മിനുക്കലിൽ ഒതുങ്ങുന്നു. ആഴ്ചതോറും കോടികളുടെ കച്ചവടം നടക്കുന്ന ചന്തയുടെ നവീകരണത്തിനായി സംസ്ഥാന സർക്കാറിന്റെ 2023-24 വർഷത്തെ ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ നടപടിപോലും പൂർത്തിയായിട്ടില്ല. മഴക്കാലമായതോടെ വൈക്കോലിന്റെ അവശിഷ്ടങ്ങളും ചളിയും ചാണകവും കൂടിക്കുഴഞ്ഞ് ദുരിതത്തിലായി. മുട്ടറ്റം വരെയുള്ള ബൂട്ടുകൾ ധരിച്ച് വേണം കച്ചവടക്കാർക്ക് ചന്തയിലെത്താൻ. നിന്ന്തിരിയാൻ കഴിയാതായതോടെ കഴിഞ്ഞ ആഴ്ച മണ്ണുമാന്തി യന്ത്ര സഹായത്തോടെ 30 ലോഡ് ചെളിയാണ് ചന്തയിൽനിന്ന് നീക്കിയത്.
കരാറുകാർ കാൽലക്ഷം രൂപ ഇതിന് ചെലവിട്ടതായി പറയുന്നു. തൊട്ടുമുമ്പത്തെ മാസവും സമാന രീതിയിൽ ചളി നീക്കം ചെയ്തിരുന്നു. ഓരോ ചന്തക്ക് ശേഷവും ചളിയും ചാണകവും പരന്നൊഴുകി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും വിധത്തിലാണ് ചന്ത പ്രവർത്തിക്കുന്നത്. വികസന ഫണ്ട് കൃത്യമായി വിനിയോഗിച്ച് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുക മാത്രമാണ് ഇതിന് പരിഹാരം. ചന്തയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോ. പ്രസിഡന്റ് എം.എ. സലിം മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർ പഞ്ചായത്ത് സെക്രട്ടറിയോട് നിയമാനുസൃത നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
2023-24, 2024-25 വാർഷിക പദ്ധതികളിലായി ചന്തയുടെ മാലിന്യ പരിപാലന പ്രവർത്തങ്ങൾക്കായി 16.42 ലക്ഷം, ജല സംഭരണിക്ക് 4.74 ലക്ഷം, അഴുക്കുചാൽ നിർമാണത്തിന് 13.75 ലക്ഷം, വിശ്രമകേന്ദ്രത്തിന് 10 ലക്ഷം എന്നീ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തിവരുന്നതായി പഞ്ചായത്ത് സെക്രട്ടറി ജൂൺ 13ന് നൽകിയ മറുപടിയിൽ പറയുന്നതായി തദ്ദേശ വകുപ്പ് ഡയറക്ടറിൽനിന്ന് സലീമിന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.