ഒറ്റപ്പാലം: ഓണം പടിവാതിൽക്കലെത്തി നിൽക്കെ തക്കാളിക്കും ഉള്ളിക്കും അനുഭവപ്പെടുന്ന വിലക്കുറവ് ആശ്വാസമാകുന്നു. അതേസമയം, നേന്ത്രപ്പഴം, ചെറുപഴം എന്നിവക്ക് വില കൂടിക്കൂടി വരുന്നത് ആശങ്കക്കും ഇടയാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെയും പഴം-പച്ചക്കറികളുടെയും വിലനിലവാരം നിത്യേന ഉയരുകയും ഓണത്തിന് കീശകീറുമെന്ന അവസ്ഥയിലാവുകയും ചെയ്യുമ്പോഴാണ് വിലക്കുറവ് നേരിയ ആശ്വാസം പകരുന്നത്. കിലോക്ക് 140 രൂപ വരെ ഉയർന്ന തക്കാളിക്ക് ഇപ്പോഴത്തെ വില 40 രൂപയാണ്. 70 രൂപയാണ് ഒന്നാം തരം ഉള്ളിയുടെ വില. ഏതാനും ദിവസം മുമ്പ് ഇത് 240 രൂപയോളം വില ഉയർന്നതാണ്. 60 രൂപയുണ്ടായിരുന്ന വെണ്ട 30 രൂപയും 100 രൂപ കടന്ന പച്ചമുളക് 60 രൂപയും 80 രൂപക്ക് വിറ്റിരുന്ന ബീൻസ് 48 രൂപയുമായി. 60 രൂപയുണ്ടായിരുന്ന പയറിന് 30 രൂപയായി കുറഞ്ഞു.
മത്തൻ 20 രൂപ, ചേന 56 രൂപ എന്നിവയുടെ വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നുണ്ട്. 50 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴം 60ഉം ചെറുപഴം (മൈസൂർ പഴം) 40ഉം രൂപയായി ഉയർന്നതാണ് ആശങ്കയാകുന്നത്. ഓണവിഭവങ്ങളിലെ മുഖ്യ ഇനമാണ് നേന്ത്രപ്പഴം എന്നിരിക്കെ വരും ദിവസങ്ങളിൽ ഇവക്ക് വില ഉയരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
വിപണികളിൽ പച്ചക്കറിക്ക് കാര്യമായ ഡിമാൻഡ് അനുഭവപ്പെടാത്തതിനാലാണ് നിലവിലെ വിലക്കുറവിന് കാരണമെന്നും അത്തം പിന്നിടുന്നതോടെ വില പഴയപടിയാകാനാണ് സാധ്യതയെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.