ഒറ്റപ്പാലം: നഗരസഭയിൽ നിരവധി പേർ കുത്തിവെപ്പെടുക്കാൻ ബാക്കി നിൽക്കെ സമീപ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വാക്സിൻ അയക്കുന്നതായി കൗൺസിലിൽ പ്രതിപക്ഷ ആരോപണം. ജോലി ഭാരം കുറക്കുന്നതിൻെറ ഭാഗമായാണ് തിരിമാറിയെന്നും പരിശോധന നടത്തി പുറത്ത് പോയ വാക്സിൻെറ കണക്ക് കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
നഗരസഭയിലെ 32 വാർഡുകളുടെ ചുമതല ലക്കിടി പ്രൈമറി ഹെൽത്ത് സെൻററിനാണ്, ചൊവ്വാഴ്ച വാക്സിൻ സ്റ്റോക്ക് തീർക്കണമെന്ന് സർക്കാർ നിശ്ചയിച്ച സാഹചര്യത്തിൽ വാക്സിൻ സ്റ്റോക്ക് തീർക്കാൻ നെട്ടോട്ടമോടേണ്ട ഗതികേടിലാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. വാക്സിൻ സ്റ്റോക്ക് ഉണ്ടായിരിക്കെ തന്നെ ജീവനക്കാരുടെ ജോലി ഭാരത്തിൻെറ പേരിൽ വാർഡിൽ അഞ്ചും പത്തും എന്ന കണക്കിൽ മാത്രമാണ് കുത്തിവെപ്പ് നൽകിയിരുന്നത്. വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി ആളുകൾക്ക് കുത്തിവെപ്പ് നൽകാതിരിക്കുകയായിരുന്നെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി.
എന്നാൽ സർക്കാർ നിർദ്ദേശം വന്നതിനെത്തുടർന്ന് എട്ട് വീതം കോവിഷീൽഡും 27 കോവാക്സിനും ഉൾപ്പടെ 35 പേർക്കാണ് വാർഡ് തോറും കുത്തിവെപ്പ് നൽകിയതെന്ന് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ രൂപ ഉണ്ണി പറഞ്ഞു. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ മെഡിക്കൽ ഓഫീസർ പങ്കെടുത്തിരുന്നില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വിശദീകരണം ചോദിക്കുമെന്നും നഗരസഭ അധ്യക്ഷ കെ.ജാനകി ദേവി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർ നൽകിയ പ്രമേയം ചർച്ച ചെയ്തെങ്കിലും പ്രത്യേക യോഗം വിളിക്കുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.