ഒറ്റപ്പാലം: തർക്കത്തെ തുടർന്ന് സഹോദരി വെട്ടേറ്റ് മരിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കരുമാനാംകുറുശ്ശി മുട്ടിയം കുന്നത്ത് പ്രഭാകരനാണ് (46) അഡിഷണൽ ജില്ല സെഷൻസ് ജഡ്ജ് പി. സൈതലവി ശിക്ഷ വിധിച്ചത്. പ്രഭാകരെൻറ സഹോദരി പങ്കജാക്ഷിയാണ് (65) വെട്ടേറ്റ് മരിച്ചത്. പങ്കജാക്ഷിയുടെ കുടുംബത്തിന് നിയമാനുസരണമുള്ള സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. 2020 ഫെബ്രുവരി 28ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
തൊട്ടടുത്ത വീടുകളിലായി താമസിച്ചിരുന്ന ഇവരിൽ മറ്റൊരു സഹോദരിയായ കമലാക്ഷിക്കൊപ്പം താമസിച്ചിരുന്ന പങ്കജാക്ഷിയെ വീട്ടുവളപ്പിൽ വെച്ച് മടവാൾ കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. 39 വെട്ടുകളാണ് പങ്കജാക്ഷിയുടെ ശരീരത്തിലുണ്ടായിരുന്നത്. കമലാക്ഷി ജോലിക്ക് പോയ സമയത്തായിരുന്നു പ്രഭാകരെൻറ ആക്രമണം. പ്രഭാകരെൻറ വിലക്ക് ലംഘിച്ച് അയൽവാസിയുടെ വീട്ടിൽ നടന്ന കലശത്തിൽ പങ്കെടുത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തെ തുടർന്ന് പ്രഭാകരൻ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. നേരത്തെ ഇരുവരും തമ്മിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.