ഒറ്റപ്പാലം: അനങ്ങൻമലയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ കരിങ്കൽ ക്വാറിക്കെതിരെ വരോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർഥികളും രംഗത്ത്.
പ്രദേശവാസികളുടെ മനസമാധാനം കെടുത്തുന്ന ക്വാറിയുടെ പ്രവർത്തനം മൂലം ഇതിന് പരിസരങ്ങളിൽ പ്രവർത്തിക്കുന്ന വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ് സ്കൂൾ, വരോട് എ.എം.യു.പി സ്കൂൾ, വരോട് എ.എൽ.പി സ്കൂൾ തുടങ്ങിയവയിലെ വിദ്യാർഥികളും ആധിയിലാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച ഉപവാസ സമരം സംഘടിപ്പിക്കും.
വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും സമരത്തിൽ സംബന്ധിക്കും. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 10ന് വിദ്യാർഥി ശൃംഖല സംഘടിപ്പിക്കും. ശൃംഖലയിൽ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അണിചേരും. ക്വാറി പ്രവർത്തനം നിർത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ 250 വിദ്യാർഥികൾ ഒപ്പിട്ട നിവേദനം ജില്ല കലക്ടർക്ക് സമർപ്പിച്ചിരിക്കയാണെന്നും സ്കൂൾ പ്രധാന അധ്യാപകൻ എസ്.ആർ. പ്രകാശ് അറിയിച്ചു.
നഗരസഭ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ സബിത, വരോട് എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി. കബീർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ക്വാറി പ്രവർത്തനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അനങ്ങൻമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷികളുടെ ആഭിമുഖ്യത്തിൽ സമരവും സംഘടിപ്പിച്ചിരുന്നു. വി.കെ. ശ്രീകണ്ഠൻ എം.പി സ്ഥലം സന്ദർശിച്ച് ജനത്തിന്റെ ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു.
ഒറ്റപ്പാലം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വരോട് സ്കൂളുകളിലെ കുട്ടികൾ ഭയപ്പാടിലാണെന്ന് സ്കൂൾ അധികൃതർ. അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി പഞ്ചായത്തുകളിലും ഒറ്റപ്പാലം നഗരസഭയിലുമായി വ്യാപിച്ചുകിടക്കുന്ന അനങ്ങൻമലയിൽ 2019 ലെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായതാണ്.
മുകൾ നിലയിലെ ക്ലാസ് മുറിയിലെ വിദ്യാർഥികൾക്ക് മലയിലെ ക്വാറിയിൽ നിന്നുള്ള സ്ഫോടനം വ്യക്തമായി കേൾക്കാമെന്നതും കുട്ടികളെ കൂടുതൽ അങ്കലാപ്പിലാക്കുന്നു. മലയുടെ താഴ്വാര മേഖലയിലുളളവർ പലരും ഭീതി മൂലം വീടുകൾ പൂട്ടി ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.
ഒറ്റപ്പാലം: അനങ്ങൻമലയിലെ കരിങ്കൽ ഖനനവും തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും സംബന്ധിച്ച് വിശദ പരിശോധന നടത്താൻ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വി.കെ. ശ്രീകണ്ഠൻ എം.പി. മലയിൽ നടക്കുന്ന സ്വകാര്യ കരിങ്കൽ ക്വാറിയുടെ ഖനന പ്രവൃത്തികൾ നിർത്തിക്കുക, പാരിസ്ഥിതിക പരിശോധന നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രിക്ക് എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താൻ മന്ത്രിയുടെ നിർദേശം.
2018-‘19 കാലത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്തെ റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസം മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.