ഒറ്റപ്പാലം: മഴ സമൃദ്ധിയിൽ ആറാടേണ്ട ഞാറ്റുവേലകൾ ഒന്നൊന്നായി പടിയിറങ്ങുമ്പോഴും ഒറ്റപ്പാലത്ത് നിള മെലിഞ്ഞുതന്നെ. വിശാലമായ മണൽപ്പരപ്പിൽ അരിക് ചേർന്ന് ഒലിക്കുന്ന നീർച്ചാലാണ് ഇടവപ്പാതിക്ക് ശേഷവും ഇവിടത്തെ പുഴ. തിരിമുറിയാതെ പെയ്യുമെന്ന് പൂർവികർ വിശേഷിപ്പിച്ച തിരുവാതിര ഞാറ്റുവേലയുടെ ആദ്യദിനങ്ങളിലും ?പെയ്തിറങ്ങുന്നത് ചൂടാണ്.
വ്യാഴാഴ്ചയായിരുന്നു തിരുവാതിര ഞാറ്റുവേലക്ക് തുടക്കമിട്ടത്. മേയ് 11 നായിരുന്നു കാർത്തിക ഞാറ്റുവേലയുടെ ആരംഭം. രോഹിണി, മകീര്യം ഞാറ്റുവേലകളുടെ ദിനരാത്രങ്ങളിൽ ഭൂരിഭാഗവും പെയ്യാമേഘങ്ങളും അത്യുഷ്ണവുമായിരുന്നു ഫലം. മഴയിൽ നിറയുകയും മഴ മാറുന്നതോടെ ഒഴിയുകയും ചെയുന്ന നിളയുടെ ജലസംഭരണ ശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് പുഴ ഇന്ന്.
മേഖലയുടെ മുഖ്യ ജലസ്രോതസുകൂടിയായ പുഴയുടെ ഈ മാറ്റം മേഖലയിലെ ജലാശയങ്ങളിലെ ജലവിതാനം സംരക്ഷിച്ചു നിർത്തുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജല സംഭരണം സാധ്യമാക്കുന്നതിന് ഒരു സ്ഥിരം തടയണ സ്വപ്നമായി അവശേഷിക്കുന്ന അപൂർവം പ്രദേശങ്ങളിൽ മുഖ്യ സ്ഥാനത്താണ് ഒറ്റപ്പാലം. പുഴയുടെ പഴയ പ്രതാപം വീണ്ടെടുക്കാനെന്ന വിശേഷണത്തോടെ പ്രഖ്യാപിച്ച പദ്ധതികൾക്ക് കൈയും കണക്കുമില്ല. എന്നാൽ പദ്ധതികൾ എല്ലാം ഏട്ടിലെ പശുവാകുകയായിരുന്നു. സ്ഥിരം തടയണക്ക് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പുഴയിൽ സ്ഥാനവും നിർണയിച്ചതാണ്. 2007ൽ കേരളത്തിലെ നദികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ച പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന് വേദിയായത് ഒറ്റപ്പാലത്തായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകൻ.
ഒറ്റപ്പാലത്ത് സ്ഥിരം തടയണയുടെ പ്രഖ്യാപനം വേദിയിൽ അദ്ദേഹം നടത്തിയതാണ്. പല പദ്ധതികളെയും പോലെ ഇതും വെളിച്ചം കണ്ടില്ല. 2018 മെയ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റപ്പാലത്ത് ഉദ്ഘാടനം ചെയ്ത മറ്റൊന്നാണ് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി.അഞ്ച് വർഷം പിന്നിടുമ്പോഴും പ്രഖ്യാപനത്തിനപ്പുറം പുരോഗതിയുണ്ടായിട്ടില്ല. ദശാബ്ദങ്ങൾ നീണ്ട മണലെടുപ്പും കൈയേറ്റങ്ങളും പ്രളയവും ഒക്കെക്കൂടി പുഴയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. കക്കൂസ് മാലിന്യം ഉൾപ്പടെ പുഴയിൽ തള്ളി വെള്ളം മലിനമാക്കുന്നത് നേരിടാൻ പോലും കഴിയുന്നില്ലെന്ന പരാതിയും ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.