ഒറ്റപ്പാലം: മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സംവിധാനം പ്രവർത്തിപ്പിക്കാത്തതുമൂലം ജനം ഗോവണി കയറി തളരുന്നു. പ്രവർത്തനം ആരംഭിച്ച് ഏഴാം വർഷത്തിലും മുകൾ നിലകളിലെ ഓഫിസുകളിലെത്തുന്നതിന് ഗോവണി മാത്രമാണ് ശരണം.
ലിഫ്റ്റ് സാമഗ്രികൾ വാങ്ങി വെച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥാപിക്കുന്നതിന് ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നത്. അനുമതിയില്ലാതെയാണ് മൂന്നാം നിലയുടെ നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി നിഷേധിക്കുന്നത്.
2015 മേയ് 10നായിരുന്നു കണ്ണിയംപുറത്ത് സ്ഥാപിച്ച മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം. ഒറ്റപ്പാലത്ത് വാടക കെട്ടിടങ്ങളിലും മറ്റുമായി ചിതറിക്കിടന്നിരുന്ന സർക്കാർ ഓഫിസുകൾ ക്രമേണ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ താഴത്തെ നിലയിലും ഒന്നും രണ്ടും നിലകളിലുമായി മാറ്റിസ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും ലിഫ്റ്റ് സ്ഥാപിക്കാൻ നടപടികളുണ്ടായില്ല. എക്സൈസ് റേഞ്ച്, മണ്ണ് സംരക്ഷണം, വ്യവസായ ഓഫിസുകൾ ഉൾെപ്പടെ മൂന്നാം നിലയിൽ പ്രവർത്തിച്ചുതുടങ്ങിയതോടെയാണ് ലിഫ്റ്റില്ലാത്തതിന്റെ ദുരിതം ജനങ്ങളെ കൂടുതൽ ബാധിച്ചു തുടങ്ങിയത്.
രണ്ട് നിലയുടെ നിർമാണത്തിന് മാത്രമാണ് വകുപ്പ് തല അനുമതി നൽകിയിരുന്നത്. അനുമതി ഇല്ലാത്ത സാഹചര്യത്തിൽ മൂന്ന് നില കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അനുമതി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും ലിഫ്റ്റ് സ്ഥാപിക്കാത്തതു മൂലമുള്ള ബുദ്ധിമുട്ടുകൾ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കയാണ് ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്രൻ. വർഷങ്ങൾ പിന്നിട്ട വേളയിൽ ഉപയോഗമില്ലാതെ മൂലയിലിരിക്കുന്ന ലിഫ്റ്റ് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് കേടുപാടുകൾ തീർക്കേണ്ടിവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.