ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിൽ ചികിത്സ പിഴവ് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ഡയാലിസിസ് പൂർത്തിയാക്കി യന്ത്ര സംവിധാനങ്ങൾ ശരീരത്തിൽനിന്ന് മാറ്റുന്നതിനിടെ തോട്ടക്കര കക്കടത്ത് വീട്ടിൽ സിദ്ദീഖിന് (64) രക്തസ്രാവമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
ആശുപത്രി അധികൃതരുടെ അനാസ്ഥയും അശ്രദ്ധയും തുടർക്കഥയാണെന്നും ചികിത്സ പിഴവ് സംബന്ധിച്ച് ഉടൻ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ സി. സജിത്ത് ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി. താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി വിളിച്ചുകൂട്ടണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് നഗരസഭ കമ്മിറ്റി പ്രസിഡന്‍റ് പി.എം.എ ജലീൽ നഗരസഭ അധ്യക്ഷക്ക് നിവേദനം നൽകി. നിരവധി രോഗികൾ ആശ്രയിക്കുന്ന ഡയാലിസിസ് യൂനിറ്റിലെ ചികിത്സ പിഴവ്, ആശുപത്രിയിലെ മലിനജലം നിരത്തിലേക്കൊഴുകൽ, ജീവനക്കാരുടെ കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പരിഹാരം കാത്തുകിടക്കുന്നതെന്നും ജലീൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.