ഒറ്റപ്പാലം: നാടും നഗരവും ഭേദമില്ലാതെ മേഖലയിൽ വാനരശല്യം രൂക്ഷം. വലിയ തോതിലുള്ള കാട്ടുപന്നിശല്യത്തെ തുടർന്ന് വീട്ടുവളപ്പിന് മതിലും വലയും കെട്ടി പ്രതിരോധിക്കുമ്പോഴാണ് വാനരപ്പടക്ക് മുന്നിൽ നാട് തോറ്റു നിക്കുന്നത്. സംഘം ചേർന്നെത്തുന്ന കുരങ്ങന്മാർ തെങ്ങ്, വാഴ തുടങ്ങി പപ്പായ മരം വരെ താറുമാറാക്കുമ്പോൾ നോക്കിനിൽക്കേണ്ട ഗതികേടിലാണ് ജനം. ഇവയെ വിരട്ടിയോടിക്കാനും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
തെങ്ങിൽനിന്ന് കുലകുലയായി ഇളനീർ പറിച്ച് വെള്ളം കുടിച്ചശേഷം തൊണ്ട് പുരപ്പുറങ്ങളിലേക്കും മറ്റും വലിച്ചെറിയുകയാണ്. ഇതോടെ ഓടിട്ട വീടുകൾ തകർന്നുള്ള നാശനഷ്ടം വേറെയുമുണ്ട്. വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. മേൽക്കൂരയിലെ ഓട് നീക്കി വീടിനകത്ത് അകത്ത് കടന്ന് ഭക്ഷണ സാധനങ്ങൾ അപ്പാടെ അടിച്ചുമാറ്റുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നതും ഇവയുടെ വിനോദമാണ്. മുപ്പതും നാൽപ്പതും കുരങ്ങന്മാർ അടങ്ങുന്ന സംഘത്തിൽ കുട്ടികളുമുണ്ട്. അനങ്ങൻ മലയിൽ താവളമുറപ്പിച്ചിരുന്ന കുരങ്ങന്മാർ കൂട്ടത്തോടെ മേഖലയിലേക്ക് ഇറങ്ങിയതാണ് ജനങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്നത്. ഒറ്റപ്പാലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും അമ്പലപ്പാറ, അനങ്ങനടി പഞ്ചായത്ത് പ്രദേശങ്ങളിലും ഇവയുടെ ശല്യം രൂക്ഷമാണ്.
മലയിൽ നിന്നും താഴ്വാരത്തേക്കെത്തിയ ഇവ രാപ്പാർക്കുന്നത് പ്രധാനമായും വിസ്തൃതി കൂടിയ സ്വകാര്യ വ്യക്തികളുടെ കാടുമൂടി വളപ്പുകൾ കേന്ദ്രീകരിച്ചാണ്. ഇവ വൃത്തിയാക്കുന്ന പക്ഷം ഇവയുടെ ശല്യം ഒട്ടൊക്കെ കുറയുമെന്നതാണ് നാട്ടുകാരുടെ അഭിപ്രായം. കുരങ്ങന്മാരെ തുരത്തി നാട്ടുകാരെ രക്ഷിക്കണമെന്ന് ജനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.