പാലക്കാട്: പാലക്കാടിനെ എച്ച്.ഐ.വി പ്രഹര ശേഷി കൂടുതലുള്ള ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ജില്ലയിലെ എച്ച്.ഐ.വി ബാധിതർ സംസ്ഥാന നിരക്കിനേക്കാൾ കൂടുതലാണെന്നത് കണക്കിലെടുത്താണിത്. സംസ്ഥാനത്തെ എച്ച്ഐ.വി അണുബാധ സാന്ദ്രത 0.06 ആണെങ്കിൽ ജില്ലയുടേത് 0.09 ആണ്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ 86 പേരാണ് പാലക്കാട് എച്ച്.ഐ.വി പോസിറ്റീവായത്.
92,882 പേർ പരിശോധന നടത്തിയപ്പോഴാണ് ഇത്രപേരെ തിരിച്ചറിഞ്ഞത്. അതിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ വരെ പരിശോധന നടത്തിയ 54,143 പേരിൽ 55 പേർ പോസിറ്റീവായി. പരിശോധന നടത്താത്തവർ ഏറെയാണെന്നിരിക്കേ യഥാർഥ കണക്കുകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
2017-18 കാലയളവിൽ 115, 2018-19ൽ 117, 2019-20ൽ 140, 2020-21ൽ 82 (കോവിഡ് കാരണത്താൽ കുറവ് പരിശോധന), 2021-22ൽ 106, 2022-23ൽ 86 എന്നിങ്ങനെയാണ് എച്ച്.ഐ.വി ബാധിതരുടെ നിരക്ക്. അയൽജില്ലയായ തൃശൂർ ആകട്ടെ താരതമ്യേന എച്ച്.ഐ.വി ബാധിത മേഖലയിൽപ്പെടുന്നതാണ്.
അതിർത്തി ജില്ലയായതിലാണ് എച്ച്.ഐ.വി നിരക്കിൽ വ്യത്യാസം പ്രകടമാകുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തൽ. ജില്ലയിൽ ഊർജിത ബോധവത്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ അറിയിച്ചു.
പാലക്കാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളില്‍ വി.കെ. ശ്രീകണ്ഠന് എം.പി നിര്‍വഹിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.ആർ. വിദ്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസി. കെ. ബിനുമോള്‍ അധ്യക്ഷത വഹിക്കും. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്. ശ്രീലത മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ എട്ടിന് രാപ്പാടിക്ക് സമീപം നിന്നാരംഭിക്കുന്ന ബോധവത്കരണ റാലി ജില്ല പഞ്ചായത്തിന് സമീപം സമാപിക്കും. വിദ്യാര്‍ഥികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ പങ്കെടുക്കും.
എയ്ഡ്സ് ബോധവത്കരണത്തിനായി സംസ്ഥാനത്ത് രണ്ട് ഐ.ഇ.സി വാന്‍ യാത്ര നടത്തും. തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയും, പാലക്കാട് വാളയാര്‍ ഡാമില്‍നിന്ന് കാസര്‍കോട് വരെയുമാണ് യാത്ര.
പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്. ശ്രീലത, ജില്ല എയ്ഡ്സ് നിയന്ത്രണ ഓഫിസര്‍ ഡോ. സി. ഹരിദാസന്, എയ്ഡ്സ് കണ്ട്രോള് ജോ. ഡയറക്ടര്‍ രശ്മി മാധവന്, ക്ലസ്റ്റര്‍ പ്രോഗ്രാം ഓഫിസര്‍ എസ്. സുനില്‍കുമാര്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.