പത്തിരിപ്പാല: ഭൂമിയും കെട്ടിടങ്ങളും പഞ്ചായത്തിന് കൈമാറിയിട്ടും നവീകരിക്കാൻ പഞ്ചായത്തധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധവുമായി വായനശാല ഭാരവാഹികൾ. രണ്ടു വർഷം മുമ്പാണ് പേരൂർ മഹിളാ സമാജം വായനശാലയും അംഗൻവാടിയും അടങ്ങുന്ന ഭൂമി ലക്കിടിപേരൂർ ഗ്രാമപഞ്ചായത്തിന് പേരൂർ മഹിളാസമാജം വായനശാല ഭാരവാഹികൾ കൈമാറിയത്.
വായനശാല കെട്ടിടവും അംഗൻവാടിയും നവീകരിക്കുമെന്ന ഉറപ്പിലാണ് പഞ്ചായത്ത് അധികൃതർക്ക് ഭൂമിയും കെട്ടിടവും കൈമാറിയത്. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് സമാജം ഭാരവാഹികൾ പറയുന്നു. ഭാരവാഹികളുടെ ആവശ്യത്തെ തുടർന്ന് എം.പി ഫണ്ട് 15 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചെങ്കിലും പഞ്ചായത്ത് ഭരണസമിതി ഫണ്ട് നിഷേധിച്ചതായും ഭാരവാഹികൾ ആരോപിച്ചു.
2022 ജനുവരിയിലാണ് വായനശാലയും മഹിളാ സമാജവും അവരുടെ ഉടമസ്ഥതയിലായിരുന്ന 15 സെന്റ് ഭൂമി ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിന് കൈമാറിയത്. വായനശാല, മഹിള സമാജം, അംഗൻവാടി കെട്ടിടങ്ങളുടെ പുനർനിർമാണവും ഒരു സാംസ്കാരിക കേന്ദ്രവുമായിരുന്നു പഞ്ചായത്തിന്റെ വാഗ്ദാനം.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പുനർനിർമിക്കാൻ നടപടികളായില്ല. അതിനിടയിൽ 2024 മാർച്ചിൽ വി.കെ. ശ്രീകണ്ഠൻ എം.പി വായനശാലയുടെ നവീകരണത്തിനായി 15 ലക്ഷം അനുവദിച്ചെങ്കിലും ഈ ഫണ്ട് പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചെന്നാണ് വായനശാല ഭാരവാഹികളുടെ ആരോപണം. തുടർന്നാണ് വായനശാല മഹിളാ സമാജം പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അടിയന്തരമായി കെട്ടിടങ്ങൾ പുനർനിർമിക്കാൻ നടപടികൾ ഉടൻ വേണമെന്നും ഏത് സമയവും ജീർണിച്ച കെട്ടിടങ്ങൾ നിലംപൊത്തുമെന്നും മഹിളാ സമാജം സെക്രട്ടറി ശോഭിനി എസ്. മേനോൻ, വായനശാല പ്രവർത്തകരായ യു.പി. രവി, യു.പി. രാജു എന്നിവർ ആവശ്യപ്പെട്ടു.
കെട്ടിടങ്ങളുടെ പുനർ നിർമാണത്തിനായി ജില്ല പഞ്ചായത്ത് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരേ പദ്ധതിക്ക് ഒന്നിലധികം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് വാർഡ് അംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ. നസ്രിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.