പട്ടാമ്പി: പതിറ്റാണ്ടുകളായുള്ള പട്ടാമ്പിയുടെ ആവശ്യത്തിന് ജില്ല ഭരണകൂടത്തിന്റെ പച്ചക്കൊടി. കിഴായൂർ നമ്പ്രം റോഡിലുള്ള നഗരസഭയുടെ പൊതുശ്മശാനം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ജില്ല കലക്ടർ അനുമതി നൽകി. പട്ടാമ്പിയിലെ പൊതുശ്മശാനം പല തദ്ദേശ തെരഞ്ഞെടുപ്പുകളിലും ചർച്ചാ വിഷയമായിരുന്നു.
ഷൊർണൂർ, ചെറുതുരുത്തി എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് പട്ടാമ്പിക്കാർ ആശ്രയിച്ചുവരുന്നത്. ജനപ്രതിനിധികൾ പല തവണയായി ഫണ്ട് വകയിരുത്തിയിട്ടും നിർമാണം നടക്കാത്തതിൽ നഗരസഭ ഭരണസമിതി ആക്ഷേപങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ജില്ല കലക്ടറുടെ നടപടിയോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.
നഗരസഭയുടെ വിഹിതത്തിനു പുറമെ വി.കെ. ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ എന്നിവരുടെ വികസന ഫണ്ടും ഉപയോഗിച്ചാണ് ശ്മശാനനിർമാണം പൂർത്തിയാക്കുന്നത്. അത്യാധുനിക രീതിയിലുള്ള ശ്മശാനമാണ് നഗരസഭ ഒരുക്കുന്നതെന്നും കാലതാമസം കൂടാതെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കുമെന്നും നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.