പട്ടാമ്പി: തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്ത തുക നൽകുന്നത് സംബന്ധിച്ച് നിയമാനുസൃതമല്ലാത്ത തീരുമാനമെടുത്ത പട്ടാമ്പി നഗരസഭക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഓംബുഡ്സ്മാന് നിർദേശം നൽകി. 2024 ഏപ്രിൽ 22ലെ കൗൺസിൽ യോഗത്തിലാണ് 23ം നമ്പർ അജണ്ടയായി 2023 ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസം തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്ത വകയിൽ 16,39950 രൂപ അനുവദിക്കുന്നതിനായി നഗരസഭ ചെയർപേഴ്സൻ മുൻകൂർ അനുമതി നൽകിയത്. മുൻകൂർ അനുമതി നൽകിയാൽ തൊട്ടടുത്ത കൗൺസിൽ യോഗത്തിൽ അത് സാധൂകരിക്കണമെന്ന ചട്ടവും ഭരണസമിതി പാലിച്ചില്ല.
കൗൺസിൽ യോഗം ചർച്ച ചെയ്യാതെ ഇത്രയും ഭീമമായ തുകക്ക് മുൻകൂർ അനുമതി നൽകിയത് അഴിമതിയും ചട്ടവിരുദ്ധവുമാണെന്ന് കാണിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നഗരസഭ ചട്ടങ്ങളും കീഴ്വഴക്കങ്ങളും മറികടന്ന് തന്നിഷ്ടത്തോടെ ഇടത് ഭരണസമിതി നടത്തുന്ന നടപടികൾക്കെതിരെ നിരവധി തവണ വിയോജനക്കുറിപ്പുകളുമായി പ്രതിപക്ഷം രംഗത്തു വന്നിട്ടും ഭരണസമിതി ഇത്തരം നടപടികൾ തുടരുകയാണെന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.
പട്ടാമ്പി നഗരസഭ ഭരണനേതൃത്വം ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തോടെ നടത്തുന്ന നിരന്തര ചട്ടലംഘനങ്ങൾക്കും മുൻകൂർ അനുമതികൾക്കും അനധികൃത സാധൂകരണത്തിനുമെതിരായ കനത്ത തിരിച്ചടിയാണ് സർക്കാർ ഉത്തരവ് എന്ന് യു.ഡി.എഫ് നഗരസഭാംഗങ്ങളായ സി.എ. സാജിത്, കെ.ആർ. നാരായണസ്വാമി, സി. സംഗീത, സി.എ. റാസി, കെ. ബഷീർ, മുനീറ ഉനൈസ്, സൈതലവി വടക്കേതിൽ, മുസ്തഫ പറമ്പിൽ, പ്രമീള ചോലയിൽ, ലബീബ യൂസഫ്, അർഷ അശോകൻ എന്നിവർ പറഞ്ഞു. നഗര ഭരണകൂടത്തിന്റെ ഇത്തരം ചെയ്തികൾക്കെതിരെ നിയമപരമായും പൊതുജനങ്ങളെ അണിനിരത്തി ജനകീയമായും നേരിടുമെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.