ആലത്തൂർ: പോത്തുണ്ടി അണക്കെട്ടിൽ നിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ നിർമാണം ഇഴയുന്നു. 2023 മാർച്ചിൽ കമ്മിഷൻ ചെയ്യേണ്ട പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഇനിയും പൂർത്തിയായിട്ടില്ല. പിന്നീട് 2024 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്നായിരുന്നു ജല അതോറിറ്റി പദ്ധതി നിർവഹണവിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ പദ്ധതി പൂർത്തീകരിക്കാൻ ഇനിയും വൈകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
രണ്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന സാങ്കേതികത തടസങ്ങളാണ് ഒരു ഘട്ടത്തിൽ പദ്ധതി വൈകാൻ കാരണമായത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിലായിരുന്നു എലവഞ്ചേരി, പല്ലശ്ശേന പഞ്ചായത്തുകളിൽ തടസം വന്നത്. വശത്ത് ചാലെടുക്കാൻ റോഡ് നിർമാണം പൂർത്തിയായി ഒരു വർഷം കഴിയണമെന്ന വ്യവസ്ഥയാണ് വിനയായത്.
നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയ പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായുള്ളതാണ് പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി. 180 കോടിയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക ഉൾപ്പെടുത്തി 274 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഹൈദരാബാദിലെ കമ്പനിക്കാണ് നിർമാണ ചുമതല.
അണക്കെട്ടിന് മുന്നിൽ 17.58 കോടി ചെലവിട്ടുള്ള 26 ദശലക്ഷം ലിറ്റർ ജല ശുദ്ധീകരണശാല നിർമ്മാണവും എലവഞ്ചേരി പഞ്ചായത്തിലെ വെങ്കായ പാറയിലെ10 ലക്ഷം ലിറ്റർ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തിയും നേരത്തേ പൂർത്തികരിച്ചു. പല്ലശ്ശേന, എരിമയൂർ പഞ്ചായത്തിലേക്കായി പല്ലാവൂർ കുന്നിൻ മുകളിലെ 33 ലക്ഷം ലിറ്റർ സംഭരണ ടാങ്കിലേക്കും ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കായി ആലത്തൂർ വെങ്ങന്നൂരീലെ നെരങ്ങാംപാറ കുന്നിൻ മുകളിൽ നിർമിക്കുന്ന 40 ലക്ഷം ലിറ്റർ സംഭരണിയിലേക്കും വെള്ളം എത്തിക്കേണ്ടതുണ്ട്. അതിന്റെ അവസാന ഘട്ട പ്രവർത്തികളാണ് നടന്നുവരുന്നത്. പൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞാൽ പൈപ്പ്ശുദ്ധീകരണം കൂടി നടത്തി വേണം ജലവിതരണം ആരംഭിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.