പാലക്കാട്: ജില്ലയില്‍ പനി, വയറിളക്ക രോഗങ്ങള്‍, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. എലിപ്പനി തടയാൻ ശുചീകരണ പ്രവൃത്തികളിലും മലിനജലം, ചെളിയില്‍ ജോലി ചെയ്യുന്നവര്‍, കന്നുകാലികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവർ ഗംബൂട്ട്, കൈയുറ ധരിച്ച് പ്രതിരോധ ഗുളികകള്‍ കഴിക്കണം. കുട്ടികള്‍ കെട്ടിക്കിടക്കുന്നതും മലിനമായ വെള്ളക്കെട്ടുകളില്‍ കളിക്കരുത്. ഇടവിട്ടുള്ള മഴ ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് സാധ്യത കൂടുതലായതിനാല്‍ ആഴ്ചയില്‍ ഒരുദിവസം ഡ്രൈഡേ ആചരിക്കണം.
മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കുടിവെള്ളം, ഭക്ഷണശുചിത്വത്തിന് ഊന്നല്‍ നല്‍കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വയറിളക്ക രോഗങ്ങള്‍ പിടിപെട്ടാല്‍ കുട്ടികളില്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പാനീയ ചികിത്സ ഉറപ്പാക്കണം. ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, അംഗൻവാടികള്‍ മുഖേന വിതരണം ചെയ്യപ്പെടുന്ന ഒ.ആര്.എസ് പാക്കറ്റുകള്‍ ഉപയോഗിക്കണം.
ആഹാരപദാര്‍ഥങ്ങള്‍ മൂടിവെച്ച് സൂക്ഷിക്കണം, പഴകിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്. പനി റിപ്പോര്‍ട്ട് കൂടുതലുള്ള സാഹചര്യത്തില്‍ മാസ്ക് ധരിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍, സമൂഹ അകലം പാലിക്കല്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ തുടരണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രായമായവരില്‍ അനുബന്ധ രോഗ സങ്കീര്ണതയുള്ളവര് രോഗബാധയുണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗനിയന്ത്രണം ഫലപ്രദമായി ഉറപ്പുവരുത്തുന്ന ഗുളികകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കുക. പകര്‍ച്ചവ്യാധികള്‍ നിസ്സാരമായി കാണാതെ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ചികിത്സ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.