തച്ചമ്പാറ: പുസ്തക വായന ജീവിതചര്യയാക്കിയ വയോദമ്പതികൾ പുതുതലമുറക്ക് വഴികാട്ടുന്നു. തച്ചമ്പാറ-ചോഴിയാട്ടിൽ ജോൺ സോളമൻ എന്ന ലാലച്ചൻ, റയ്ച്ചൽ എന്ന ആലീസ് ദമ്പതികളാണ് വായന വിനോദമാക്കി മുന്നേറുന്നത്. 84 കാരന് സോളമനും 79 കാരി റയ്ച്ചലിനും വായന എന്നും ആവേശമാണ്. ചെറുപ്പത്തിൽ അരണ്ട വെളിച്ചത്തിൽ തുടങ്ങിയ വായനാശീലത്തിന് വർധക്യത്തിലും മുടക്കമില്ല.
ജോണിന് വായനക്കൊപ്പം വ്യത്യസ്തമായ പത്രവാർത്ത ശേഖരണത്തിലും താൽപര്യമുണ്ട്. റയ്ച്ചലിന് സാഹിത്യ പുസ്തകങ്ങൾക്കൊപ്പം യാത്രാവിവരണ ഗ്രന്ഥങ്ങളോടാണ് പ്രിയം. തകഴി കൃതികൾ റയ്ച്ചൽ നിരവധി തവണ വായിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ എഴുത്തുകാരിൽ ബെന്യാമിനെ ആണ് കൂടുതൽ ഇഷ്ടം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആടുജീവിതത്തേക്കാൾ സൂക്ഷ്മ വായന നടത്തിയത് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശബ്ദ സഞ്ചാരം എന്നീ കൃതികളാണ്. പുലരും മുമ്പേ ഉണരുന്ന ഇവരുടെ ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന. നാലര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ നിന്നും, ലൈബ്രറി ഭാരവാഹികൾ തന്നെ പുസ്തകം വീട്ടിലെത്തിക്കും. വായന വലിയൊരു വികാരമായി മാറ്റിയത് തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയാണ്.
ഇവിടുത്തെ വയോജന വേദിയുടെ പ്രവർത്തകരാണ് ഇരുവരും. മൂന്ന് മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.