പാലക്കാട്: തമിഴ്നാട്ടിൽനിന്നുള്ള റേഷനരി ഇടനിലക്കാർ വഴി കേരളത്തിലേക്ക് കടത്തി വിൽക്കുന്നത് സജീവം. പ്രതിമാസം ടണ്‍ കണക്കിന് അരിയാണ് ജില്ലയുടെ അതിര്‍ത്തി കടന്നുവരുന്നത്. തമിഴ്നാട്ടിൽ ഒരു റേഷൻ കാര്‍ഡുടമക്ക് 40 കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസംതോറും നൽകുന്നത്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിഞ്ചന്തക്കാരാണ്. കിലോക്ക് എട്ട് മുതൽ പത്തു രൂപ വരെ കാർഡുടമകൾക്ക് നൽകിയാണ് തമിഴ്നാട്ടിൽനിന്ന് അരി സംഭരിക്കുന്നത്. ട്രെയിനുകളിലാണ് അരിക്കടത്ത് കൂടുതലായും നടക്കുന്നത്. അതിർത്തി ചെക്പോസ്റ്റുകളിലെ പരിശോധന ഇതിലൂടെ ഒഴിവാക്കാൻ കഴിയും.
പരിശോധന തീരെ കുറഞ്ഞ പാലക്കാട് ടൗണിലെത്തുന്ന ട്രെയിനുകളിലാണ് അരിക്കടത്ത് സജീവം. ഇവിടെ എത്തിക്കുന്ന അരി 18 മുതൽ 22 രൂപക്ക് മൊത്തവിതരണ കടകളിലേക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പൊള്ളാച്ചിയിലെ അരി മില്ലുകള്‍ കേന്ദ്രീകരിച്ചും തമിഴ്നാട് റേഷനരി അരിയായും പൊടിയായും കേരളത്തിലെത്തുന്നുണ്ട്. അരിക്കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ട്. ട്രെയിനിലും സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകളിലും കടത്തുന്നതിനുപുറമെ ലോറികളിലും ടൺകണക്കിന് ഓരോ ദിവസവും ഇവിടെയെത്തുന്നു. കോയമ്പത്തൂർ, ട്രിച്ചി, സേലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് റേഷനരി കടത്തുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന അരി വാളയാർ, കഞ്ചിക്കോട് തുടങ്ങി പാലക്കാട്, ചിറ്റൂർ താലൂക്കുകളിലെ അതിർത്തി പ്രദേശങ്ങളിൽ ഇറക്കി പിന്നീട് ലക്ഷ്യസ്ഥാനത്ത് എത്തിക്കാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.