പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ അരി കടത്തൽ സജീവം. തമിഴ്നാട് റേഷനരി ഉൾപ്പെടെ വിലകുറച്ച് ലഭിക്കുന്ന അരിയാണ് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്. പാസഞ്ചർ ട്രെയിനുകളിലാണ് അരി കടത്തുന്നത്. പാസഞ്ചറുകളിൽ പൊലീസ് പരിശോധന കുറവാണ്. മാത്രമല്ല ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ളതിനാൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും എളുപ്പമാണ്. ചെറിയ ചാക്കുകളിൽ നിറച്ച അരി സീറ്റിനടിയിൽ ഒളിപ്പിച്ചാണ് കടത്തുന്നത്. കേരളത്തിലെ അരിമില്ലുകളും സപ്ലൈകോ ഗോഡൗണുകളും ലക്ഷ്യമിട്ടാണ് വൻതോതിൽ അരി അതിർത്തി കടന്ന് എത്തുന്നത്.
റേഷൻകടകളിലൂടെ വിതരണം നടത്തുന്ന സി.എം.ആർ മട്ടയരിയുടെ ഗുണമേന്മയെക്കുറിച്ച് ഇപ്പോഴും പരാതി വ്യാപകമാണ്. കർഷകരിൽനിന്ന് സപ്ലൈകോ സംഭരിക്കുന്ന നെല്ലാണ് അരിയാക്കി റേഷൻകടകളിലൂടെ വിതരണം നടത്തുന്നത്.
സപ്ലൈകോക്കുവേണ്ടി കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി തിരികെ നൽകുന്നത് കേരളത്തിലെ സ്വകാര്യ മില്ലുകളാണ്. കർഷകരിൽനിന്ന് സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോക്ക് നൽകുന്നതിന് പകരം അതിർത്തി കടന്നത്തെത്തുന്ന ഗുണമേന്മ കുറഞ്ഞ അരി പോളിഷ് ചെയ്ത് തവിടെണ്ണയും കലർത്തി വിതരണം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്.
വിവിധ വകുപ്പുകൾ പിടികൂടുന്ന അരി സപ്ലൈകോയെയായാണ് ഏൽപിക്കുന്നത്. കോവിഡിൽ പൊതുഗതാഗതം നിലച്ചതും അതിർത്തികളിലെ കർശന പരിശോധനയും കാരണം അരി വരവ് നിലച്ചിരുന്നു. നിയന്ത്രണങ്ങൾ ഇല്ലാതയോടെ ഇപ്പോൾ വീണ്ടും അരി വരവ് കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.