കാരാകുർശ്ശി: പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ കേസ് വഴിത്തിരിവിൽ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ മോഷ്ടിക്കപ്പെട്ട സ്വർണം വീടിനടുത്ത് തന്നെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ ബക്കറ്റിലാണ് 20 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാരാകുർശ്ശി പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കൽ വീട്ടിൽ ഷാജഹാന്റെ വീട്ടിൽനിന്നാണ് ഞായറാഴ്ച സ്വർണം മോഷണം പോയത്.
50 പവൻ സ്വർണാഭരണങ്ങൾ കളവുപോയതയാണ് വീട്ടുടമ മണ്ണാർക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞദിവസം രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിന് ബക്കറ്റ് എടുത്തപ്പോഴാണ് ബക്കറ്റിലെ വെള്ളത്തിൽ സ്വർണാഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്.
തുടർന്ന് മണ്ണാർക്കാട് പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ കേസ് നിലവിലുള്ളതിനാൽ പൊലീസെത്തി സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് അടുത്ത വീട്ടിലെ വിവാഹ സൽകാരത്തിൽ പങ്കെടുക്കാൻ വീട്ടുകാർപോയ സമയത്താണ് വീടിനകത്തുനിന്നും സ്വർണാഭരണങ്ങൾ കളവുപോയത്. വീടിന്റെ പിൻവശത്തെ അടുക്കളയുടെ ഗ്രില്ലിന്റെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിലെ തുണികളും ബാഗുമെല്ലാം വലിച്ചുവാരി താഴെയിട്ട നിലയിരുന്നു. പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഷാജഹാന്റെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണവും ഊർജിതപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.