പാലക്കാട്: വാഹനപെരുക്കം കാരണം റോഡുകൾ നിറഞ്ഞ് ഗതാഗതക്കുരുക്ക് പതിവാകുമ്പോഴും നഗരത്തിലെ സിഗ്നൽ സംവിധാനങ്ങൾ നോക്കുകുത്തി.തിരക്കേറിയ ജങ്ഷനുകളിലെല്ലാം സിഗ്നൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും ഉപകാരപ്പെടുന്നില്ല. പ്രവർത്തനക്ഷമമല്ലാത്ത സിഗ്നൽ വിളക്കുകളാണ് മിക്കയിടത്തുമുള്ളത്. സ്റ്റേഡിയത്തുനിന്ന് ചന്ദ്രനഗറിലേക്ക് പോകുന്ന റൂട്ടിലെ തിരക്കേറിയ ജങ്ഷനാണ് കൽമണ്ഡപം.
സർവിസ് റോഡുകളിലൂടെയും കോഴിക്കോട് ബൈപാസിലൂടെയും സ്റ്റേഡിയത്തുനിന്നും ചന്ദ്രനഗർ ഭാഗത്തുനിന്നുമെല്ലാം വരുന്ന വാഹനങ്ങൾ കൂടിച്ചേരുന്ന ജങ്ഷനിൽ തിരക്ക് പതിവാണ്.സ്കൂൾ സമയങ്ങളിൽ പ്രത്യേകിച്ച് സെക്കൻഡുകൾ കൊണ്ട് നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന ഇവിടെ പേരിന് സിഗ്നൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി പ്രവർത്തിക്കാറില്ല. ട്രാഫിക് പൊലീസാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി വരുന്നതിനാൽ മിക്ക ദിവസങ്ങളിലും ഇവിടെ കുരുക്കുണ്ട്.
ഒലവക്കോട് ജങ്ഷനിൽ രാത്രിപോലും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളെല്ലാം ഇപ്പോൾ ഉപയോഗശൂന്യമാണ്. ഒലവക്കോട് മുതൽ മേഴ്സി കോളജ് ജങ്ഷൻ വരെയുള്ള സിഗ്നലുകൾ പലതും പ്രവർത്തനരഹിതമാണ്. ശേഖരീപുരം, താരേക്കാട് മോയൻ സ്കൂളിന് മുൻവശം എന്നിവിടങ്ങളിലെ സിഗ്നൽ വിളക്കുകൾ എപ്പോഴും ഓറഞ്ച് വെളിച്ചത്തിൽ മിന്നുക മാത്രമാണ് ചെയ്യുക.
വിക്ടോറിയ കോളജ്, പലാൽ ജങ്ഷൻ, പുത്തൂർ ജങ്ഷൻ, ഐ.എം.എ ജങ്ഷൻ, എസ്.ബി.ഐ ജങ്ഷൻ തുടങ്ങിയവിടങ്ങളിൽ സിഗ്നലുകൾ കൃത്യമായി പ്രവർത്തിക്കാറുണ്ട്. തിരക്കേറിയ മറ്റു ജങ്ഷനുകളിലും മിന്നിക്കൊണ്ടിരിക്കുന്ന സിഗ്നൽ വിളക്കുകൾ കൃത്യമായി തെളിഞ്ഞാൽ അപകടങ്ങൾക്ക് ഒരു പരിധിവരെ തടയിടാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.