ആലത്തൂർ: കൃഷിഭവൻ പരിധിയിൽ ഒന്നാം വിള നെൽകൃഷിയിൽ ചിലന്തി മണ്ഡരി വ്യാപനം സ്ഥിരീകരിച്ചതോടെ ആശങ്കയിലായി കർഷകർ. നെൽപാടങ്ങളിൽ കൃഷി വിദഗ്ധ സംഘം പരിശോധന നടത്തി.
കേരള കാർഷിക സർവകലാശാലയിലെ ഓൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രോജക്ട് ഓൺ അഗ്രികൾച്ചറിലെ കൂരോട് മന്ദം, വെള്ളാട്ടുപാവോടി, പുതിയങ്കം, പറക്കുന്നം, ഊരങ്കോട് പാടശേഖരങ്ങളിലാണ് പരിശോധന നടത്തിയത്.
നെല്ലോലകളെ നശിപ്പിക്കുന്നതാണ് ചിലന്തി മണ്ഡരികളുടെ രീതി. ഉമ, സിഗപ്പി ഇനങ്ങൾ വിളയിറക്കിയ കൃഷിയിടത്തിലാണ് മണ്ഡരിയുടെ ആക്രമണം. കഴിഞ്ഞ വർഷം ആദ്യമായാണ് പ്രദേശത്ത് കീടബാധ റിപ്പോർട്ട് ചെയ്തത്. നിലവിലെ അനുകൂല കാലാവസ്ഥയിൽ കീടബാധ വീണ്ടുമെത്തുമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.
വരണ്ട കാലാവസ്ഥയിൽ കാണപ്പെടുന്ന മണ്ഡരികൾ മഴക്കാലത്ത് എത്തുന്നത് കൃഷി വകുപ്പിനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. 'ഒലിഗോനിക്കസ് ഒറൈസെ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചിലന്തി വർഗത്തിൽപ്പെട്ട മണ്ഡരികളുടെ ആക്രമണമാണ് നെല്ലോലകളിൽ കാണുന്നത്. ഇലയുടെ അടിഭാഗത്ത് കൂട്ടത്തോടെ നീരൂറ്റി കുടിക്കുകയാണ് ഇവയുടെ ആക്രമണരീതി.
മണ്ഡരികൾ കൂട്ടത്തോടെ ഇലകളിൽ പെരുകുമ്പോൾ ഇലയിലെ ഹരിതകം നഷ്ടപ്പെടുകയും നരച്ചു മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞുണങ്ങുകയുമാണ് ചെയ്യുക. ഇതര രോഗബാധകളുമായി സാമ്യമുള്ള ലക്ഷണങ്ങളായതുകൊണ്ടുതന്നെ രോഗബാധ കൃത്യമായി വേർതിരിച്ചറിയാൻ പ്രയാസമാണെന്ന് കാർഷിക സർവകലാശാലയിലെ മണ്ഡരി വിഭാഗം മേധാവി ഡോ. ഹസീന ഭാസ്കർ പറഞ്ഞു. നെല്ലിന് ചുറ്റുമുള്ള വരമ്പുകളിലുള്ള കളകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി.
മണ്ഡരി രൂക്ഷമായ ഇടങ്ങളിലെ കർഷകർക്ക് വിദഗ്ധ സംഘം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെല്ലോലകളിൽ മണ്ഡരി ആക്രമണം രേഖപ്പെടുത്തിയതിനാൽ കർഷകർ ജാഗ്രത പുലർത്തണമെന്ന് സംഘം അറിയിച്ചു.
മണ്ഡരിബാധ കാണുന്ന പക്ഷം കൃഷിഭവനുമായി ബന്ധപ്പെട്ട് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം. മണ്ഡരി വിഭാഗം മേധാവി ഡോ. ഹസീന ഭാസ്കർ, ഫീൽഡ് അസിസ്റ്റന്‍റുമാരായ മെൽവിൻ, ശ്രീഷ, കൃഷി ഓഫിസർ എം.വി. രശ്മി എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
നിയന്ത്രണം ഇങ്ങനെ
മണ്ഡരി ബാധയുടെ ആരംഭഘട്ടത്തിൽ നിയന്ത്രിക്കാൻ ജൈവ കീടനാശിനികളായ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ എമൽഷൻ, അല്ലെങ്കിൽ അസാഡിറാക്ടിന് അടങ്ങിയ കീടനാശിനി അഞ്ചു മില്ലി, ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ വെറ്റബിൾ സൾഫർ എന്ന മണ്ടരിനാശിനി ഏക്കറിന് 300 ഗ്രാം, 100 ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിലോ കലക്കി തളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.