എസ്.എസ്.എൽ.സി ഫലം: പ്രതികൂല ഘടകങ്ങൾ ഏറെ എന്നിട്ടും മോശമാക്കാതെ കുട്ടികൾ

പാലക്കാട്: കൂട്ടായ പരിശ്രമങ്ങളുടെ ഫലമായുള്ള നേട്ടം ഇത്തവണയും നിലനിർത്താനായെന്നതാണ് എസ്.എസ്.എൽ.സി ഫലം നൽകുന്ന സൂചന. കഴിഞ്ഞവർഷം നേടിയ വിജയത്തിൽനിന്ന് 0.37 ശതമാനത്തിന്‍റെ കുറവേ ഇത്തവണയുള്ളൂ. ഉദാരമായ മൂല്യനിർണയത്തിന്‍റെ ഫലമായി കഴിഞ്ഞ വർഷം സമ്പൂർണ എ പ്ലസുകാരുടെ എണ്ണം ഒമ്പതിനായിരത്തിന് മുകളിൽ വന്നിരുന്നു.

അത് ഇത്തവണ 2802 ആയി കുറഞ്ഞു എന്നുമാത്രം. ഗ്രേസ് മാർക്ക് ഒന്നും പരിഗണിക്കാതെ, മൂല്യനിർണയം ഒന്നുകൂടി കർശനമാക്കിയപ്പോൾ ഉണ്ടായ മാറ്റമാണ് സമ്പൂർണ എപ്ലസ് റിസൾട്ടിൽ പ്രതിഫലിക്കുന്നത്. ജില്ല പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും പി.ടി.എകളും ചേർന്ന് നടത്തിയ തുടർച്ചയായ പരിശ്രമങ്ങളാണ് ജില്ലയിലെ വിജയശതമാനത്തിൽ ഉണ്ടായ ഉയർച്ചക്ക് കാരണം.

2008ൽ വെറും 85 ശതമാനം വിജയവുമായി സംസ്ഥാനത്ത് 14ാം സ്ഥാനത്തായിരുന്നു ജില്ല. ദീർഘകാലം ഈ നാണക്കേടിൽനിന്നും കരകയറാൻ ജില്ലക്ക് കഴിഞ്ഞിരുന്നില്ല. പിന്നാക്കം നിൽക്കുന്ന സ്കൂളുകൾ കണ്ടെത്തി നടത്തിയ പഠനപ്രവർത്തനങ്ങളുടെ ഫലമായി വിജയശതമാനം പടിപടിയായി ഉയരുകയായിരുന്നു. 2015ൽ 96.41 ശതമാനത്തിലെത്തിയ വിജയം 2020ൽ 98.74 ആയി ഉയർന്നു. 2021ൽ അത് 99.35 വിജയശതമാനത്തിലെത്തി.

ഇത്തവണ നേരിയ കുറവോടെയാണെങ്കിലും 98.98 ശതമാനം വിജയം നിലനിർത്താനായത് വലിയ നേട്ടമാണ്. ഈ വർഷം കുട്ടികൾക്ക് ആവശ്യത്തിന് അധ്യയന ദിനങ്ങൾ കിട്ടിയിരുന്നില്ല. ഒക്ടോബർ അവസാനംവരെ ഓൺലൈൻ പഠനമായിരുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാലുമാസമാണ് നേരിട്ടുള്ള അധ്യയനം ഉണ്ടായത്. മാർച്ചിൽ മോഡൽ പരീക്ഷയുമായി.

എന്നിട്ടും വിജയശതമാനത്തിൽ വലിയ കുറവ് വരാതിരുന്നത് നേട്ടമാണ്. മുൻ വർഷത്തേക്കാൾ 400ലേറെ കുട്ടികൾ ഇത്തവണ ഉപരിപഠനത്തിന് അർഹത നേടി. പഠനമികവിൽ സർക്കാർ സ്കൂളുകൾ എയ്ഡഡ് സ്കൂളുകളെ പിന്തള്ളി. സമ്പൂർണ വിജയം കൈവരിച്ച സ്കൂളുകളിൽ 47 എണ്ണം സർക്കാർ സ്കൂളുകളാണ്. 34 എയ്ഡഡ് സ്കൂളുകൾക്കേ നൂറുശതമാനം നേട്ടം കൈവരിക്കാനായുള്ളൂ. ഈ വർഷവും ഈവനിങ് ക്ലാസുകളും അവധി ദിവസങ്ങളിലെ ക്ലാസുകളും ഉണ്ടായിരുന്നു. ഇതെല്ലാം പഠനമുന്നേറ്റത്തിന് സഹായകമായി.

അതേസമയം, ആദിവാസി മേഖലയിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികളിൽ ഈ വർഷവും പരീക്ഷ എഴുതാത്തവരുണ്ട്. മുതലമട സ്കൂളിൽ 12 കുട്ടികൾ പരീക്ഷ എഴുതിയില്ല. പരീക്ഷ എഴുതിയവരിൽതന്നെ ഐ.ടി പരീക്ഷ എഴുതാത്തവരുണ്ട്. മറ്റുചില സ്കൂളുകളിലും ഇങ്ങനെ പരീക്ഷ എഴുതാത്തവരുള്ളതായി റിപ്പോർട്ടുണ്ട്. അടുത്തവർഷം ഈവിഷയം ഗൗരവമായി കണ്ടുള്ള പ്രവർത്തന പദ്ധതി തയാറാക്കുമെന്ന് ഡി.ഡി.ഇ പി.വി. മനോജ്കുമാർ അറിയിച്ചു. 

Tags:    
News Summary - SSLC: Children with a lot of adverse factors yet not getting worse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.