പാലക്കാട്: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷ ഭാഗമായി സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 50 ജനപ്രിയ ഉൽപന്നങ്ങൾക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നൽകുന്ന പദ്ധതി ജൂണിൽ ആരംഭിച്ചത് തീരാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പലയിടത്തും ഉൽപന്നങ്ങളില്ല. ഫിഫ്റ്റി ഫിഫ്റ്റിയും ഹാപ്പി അവേഴ്സും സജീവമായിരുന്നുവെങ്കിലും പലയിടത്തും ഉൽപന്നങ്ങൾ ഇല്ലായിരുന്നു.
സബ്സിഡി ഉൽപന്നങ്ങൾക്കും നോൺ സബ്സിഡി ഉൽപന്നങ്ങൾക്കുമാണ് വൻ വിലക്കുറവ് നൽകിയിരുന്നത്. നോൺ സബ്സിഡി ഉൽപന്നങ്ങൾക്ക് അളവിൽ നിയന്ത്രണമില്ല എന്നതിനാൽ അറിഞ്ഞ പലരും സാധനങ്ങൾ ധാരാളം വാങ്ങി.
ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിലിലാണ് കൂടുതൽ വിൽപന നടന്നത്. ഇപ്പോൾ പക്ഷേ പലയിടത്തും പല ഉൽപന്നങ്ങളും ലഭ്യമല്ലെന്ന് മാത്രമല്ല പല സ്റ്റോറുകളിലും ഒഴിഞ്ഞ റാക്കുകളുമാണ്. വ്യാപാരി ബഹിഷ്കരണ കാലത്ത് ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കിയ സപ്ലൈകോയിൽ ഇപ്പോൾ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപന്നങ്ങൾ ലഭ്യമാകുന്നുമില്ല. കൃത്യമായി പണം നൽകാത്തതാണ് കാരണമെന്ന് പറയുന്നു.
50 ദിവസത്തേക്ക് ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ പദ്ധതി പ്രകാരം ഉച്ചക്ക് രണ്ടുമുതൽ മൂന്നുവരെ ഒരു മണിക്കൂറിനുള്ളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽനിന്ന് പത്ത് ശതമാനം കുറവ് നൽകുന്ന പദ്ധതിയാണിത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്സിലെ പത്ത് ശതമാനം. സപ്ലൈകോ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവയിൽ ആഗസ്റ്റ് 13 വരെയാണ് ഈ വിലക്കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.