പാലക്കാട്: ജില്ലയിൽ ഈ സീസണിലെ ഒന്നാം വിള നെല്ല് സംഭരണത്തിന് ഒരുക്കം പൂർത്തിയാക്കിയെന്ന് സപ്ലൈകോ. ഒക്ടബോർ മുതൽ കർഷകർ ആവശ്യപ്പെട്ടാൽ സംഭരണം നടത്തുമെന്നും സപ്ലൈകോ അധികൃതർ വ്യക്തമാക്കി. ഏകദേശം 10 മില്ലുകളാണ് ഇതുവരെ സപ്ലൈകോയുമായി കരാറിലെത്തിയത്. ഇതിൽ രണ്ട് മില്ലുകൾക്ക് ജില്ലയിൽനിന്നും നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ അനുമതി നൽകി.
പ്രൊക്യൂർമെന്റ് അസിസ്റ്റന്റുമാരുടെ നിയമനവും നടന്നുവരുകയാണ്. അതേസമയം മുൻവർഷങ്ങളിൽ സെപ്റ്റംബറിൽ സംഭരണം തുടങ്ങിയെങ്കിൽ ഈ പ്രവാശ്യം ഒക്ടോബറിലാണ് ആരംഭിക്കുന്നത്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ, പാലക്കാട്, ചിറ്റൂർ താലൂക്കിലെ ചിലയിടങ്ങളിലും കൊയ്ത്ത് ആരംഭിച്ചു. മഴ മാറി നല്ല വെയിൽ ലഭിക്കുന്നതിനാൽ മൂപ്പ് എത്തിയ വയലുകൾ രണ്ടാഴ്ചക്കുള്ളിൽ വിളവെടുപ്പിന് പാകമാകും.
അതേസമയം സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതായി കർഷകർക്ക് പരാതിയുണ്ട്. കർഷകരുടെ നെല്ല് വാഹനത്തിൽ കയറ്റാൻ ലോഡിങ് പോയന്റ് രേഖപ്പെടുത്തണമെന്ന സാങ്കേതിക പദമാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. മുൻവർഷങ്ങളിൽ നെല്ല് സുക്ഷിക്കുന്ന സ്ഥലം അല്ലെങ്കിൽ ലോഡിങ്ങ് പോയന്റ് എന്നത് ‘സ്വന്തം വീട്’ എന്ന് രേഖപ്പെടുത്തിയാൽ മതി. എന്നാൽ ഈ പ്രാവശ്യം മുതൽ അക്ഷാംശവും രേഖാംശവും പ്രകാരം രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഇത് ക്രമക്കേട് നടത്തുന്നത് ഒഴിവാക്കാണ് എന്നാണ് സപ്ലൈകോ വാദം.
സപ്ലൈകോ സംഭരണം ഇനിയും തുടങ്ങാത്തതിനാൽ വിളവെടുപ്പ് കഴിഞ്ഞ കർക്ഷകർ ഓപൺ മാർക്കറ്റിൽ കുറഞ്ഞവിലക്ക് നെല്ല് വിറ്റ് തീർക്കുകയാണ്. കിലോക്ക് 22 മുതൽ 25 രൂപ വരെയാണ് ഓപൺ മാർക്കറ്റിൽ കർഷകർക്ക് ലഭിക്കുന്നത്. സപ്ലൈകോയിൽനിന്നും നെല്ല് വില ലഭിക്കാനുള്ള കാലതാമസവും സംഭരണം ആരംഭിക്കാത്തതുമാണ് കാരണം. കിലോക്ക് 28.32 രൂപയാണ് സപ്ലൈകോ കർഷകർക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.