മണ്ണൂർ: റമദാനിലെ മുഴുവൻ വ്രതവും ഇക്കുറിയും എടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് മണ്ണൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ കൂടിയായ ഒ.വി. സ്വാമിനാഥൻ. കഴിഞ്ഞ വർഷവും 30 നോമ്പും എടുത്തിരുന്നു. മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിലാണ് പലപ്പോഴും നോമ്പുതുറ. ചുരുക്കം സമയങ്ങളിൽ സ്വന്തം വീട്ടിൽ നോമ്പുതുറക്കും. സമീപത്തെ പള്ളിയിലെ ബാങ്ക് വിളി കേട്ടാൽ കാരക്ക ഉപയോഗിച്ചാണ് നോമ്പുതുറക്കുക.
ഭാര്യയും അമ്മയും സൗകര്യങ്ങൾ ഒരുക്കിനൽകും. നോമ്പുതുറക്കുള്ള വിഭവങ്ങൾ കഴിച്ചാൽ കിടക്കാൻ നേരത്ത് അൽപം കഞ്ഞി. സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടുമ്പോഴാണ് അത്താഴത്തിന് എഴുന്നേൽക്കുക. പിന്നെ ലളിതമായ ഭക്ഷണം. മാംസാഹാരം താൽപര്യമില്ലെന്നും സ്വാമിനാഥൻ പറയുന്നു. മണ്ണൂർ പഞ്ചായത്ത് അംഗം ഷെഫിന നജീബിെൻറ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം നോമ്പുതുറ. സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ശശി, മാധ്യമപ്രവർത്തകൻ കെ.പി. മൊയ്തീൻകുട്ടി, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം എസ്.ജെ.എൻ. നജീബ്, പഞ്ചായത്ത് അംഗം എ.എ. ശിഹാബ് എന്നിവർ സ്വാമിനാഥനൊപ്പം നോമ്പുതുറയിൽ പങ്കെടുത്തു.
നോമ്പനുഷ്ഠിക്കുന്നതിലൂടെ രോഗശമനം ലഭിക്കുന്നതായും വിശപ്പിെൻറ വില മനസ്സിലാക്കുന്നതിലൂടെ സഹജീവികളെ സഹായിക്കാനുള്ള മനസ്സുണ്ടാകുന്നതായും ഒ.വി. സ്വാമിനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.