ഒറ്റപ്പാലം: നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് ഡ്രോൺ സർവേ ആരംഭിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡ്രോൺ മാപ്പിങ് അടിസ്ഥാനമാക്കി മാസ്റ്റർ പ്ലാൻ തയാറാക്കുക. നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും സമീപ പഞ്ചായത്തുകളുടെ ഭാഗങ്ങളും സർവേയിൽ ഉൾപ്പെടും.
അമൃത് 2.0 യുടെ ഉപ പദ്ധതിയായി സംസ്ഥാനത്ത് 49 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഷൊർണൂർ നഗരസഭയിലെ സർവേ നടപടികൾ ഇതിനകം പൂർത്തിയായി. മനിശ്ശേരി വരിക്കാശ്ശേരി മനക്ക് സമീപമുള്ള പ്രദേശത്താണ് ആദ്യ ദിനമായ വ്യാഴാഴ്ച ഡ്രോൺ പറത്തി ദൃശ്യങ്ങൾ ശേഖരിച്ചത്. സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സപ്തർഷി കൺസൾട്ടന്റാണ് സർവേ നടത്തുന്നത്. ജലാശയങ്ങൾ, തുറന്ന സ്ഥലങ്ങൾ, റോഡ്, പാലം, റെയിൽവേ നെറ്റ് വർക്ക് തുടങ്ങിയവ മാപ്പിങ്ങിലുണ്ടാകും.
ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മാസ്റ്റർ പ്ലാൻ തയാറാക്കുക. കാലാവസ്ഥ വ്യതിയാനമുണ്ടായില്ലെങ്കിൽ ജനുവരി 26ന് സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അര ലക്ഷം മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള നഗരസഭകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഭ വഴി ലഭ്യമാകുന്ന സേവനങ്ങൾക്കും ഇപ്രകാരം തയാറാക്കുന്ന ഡാറ്റാബേസ് ഉപയോഗിക്കാനാവുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.