പാലക്കാട്: വാശിയേറിയ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കപ്പിനും ചുണ്ടിനുമുടയിൽ പാലക്കാടിന് കലാകിരീടം നഷ്ടമായി. 1008 പോയന്റ് നേടി തൃശൂർ ജില്ല സ്വർണകപ്പ് സ്വന്തമാക്കിയപ്പോൾ ഒരു പോയന്റ് വ്യത്യാസത്തിനാണ് പാലക്കാടിന് കപ്പ് നഷ്ടപ്പെട്ടത്. തുടക്കത്തിൽ പോയന്റ് നിലയിൽ പിന്നോക്കമായിരുന്ന പാലക്കാട്, അവസാന ദിവസമാണ് കുതിച്ചത്.
ആലത്തൂർ ബി.എസ്.എസ് ഗുരുകുലത്തിന്റെ പ്രകടനമാണ് ജില്ലക്ക് എന്നും തുണയായിട്ടുള്ളത്. ഇത്തവണയും അതിന് കോട്ടം തട്ടാതെ ഗുരുകുലും തുടർച്ചയായി 12-ാം തവണയും സ്കൂളുകളിൽ ഒന്നാമതെത്തി. 171 പോയന്റ് നേടിയാണ് ബി.എസ്.എസ് ഗുരുകുലം ജേതാക്കളായത്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്. ജില്ലയിലെ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് 80 പോയന്റും നേടി.
എച്ച്.എസ് ജനറൽ വിഭാഗത്തിൽ 482 പോയന്റ് വീതമാണ് തൃശൂരും പാലക്കാടും നേടിയത്. എച്ച്.എസ്.എസ് വിഭാഗത്തിൽ തൃശൂരിന് 526 പോയന്റും പാലക്കാടിന് 525 പോയന്റുമാണ് ലഭിച്ചത്. ഇതോടെയാണ് പാലക്കാടിന്റെ സ്വർണകപ്പ് എന്ന സ്വപ്നം പൊലിഞ്ഞത്.
ജില്ലയെ പ്രതിനിധീകരിച്ച് ഇത്തവണ 798 വിദ്യാർഥികളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരക്കാൻ തിരുവനന്തപുരത്തെത്തിയത്. നാദസ്വരം, ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗങ്ങള്‍ക്കുള്ള വിചിത്ര വീണ എന്നിവ ഒഴികെ മറ്റെല്ലാ ഇനങ്ങളിലും ഇത്തവണ ജില്ലയിലെ കുട്ടികള്‍ മത്സരിച്ചിരുന്നു. ജില്ല സ്കൂൾ കലോത്സവത്തിൽ രണ്ടാംസ്ഥാനം നേടിയ കുട്ടികളില്‍നിന്നും ലഭിച്ച അപ്പീലുകള്‍ പരിഗണിച്ച് 19 പേര്‍ക്കുകൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഗോത്രകലകൾ കൂടി ഉൾപ്പെടുത്തിയ ഇത്തവണത്തെ കലോത്സവത്തിൽ അട്ടപ്പാടിയിൽനിന്നുള്ള വിദ്യാർഥികളും മാറ്റുരച്ചിരുന്നു. കഴിഞ്ഞവർഷം കൈവിട്ട കലാകിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന കലാ പ്രതിഭകളുടെ കൂട്ടായ്മയും ജില്ലയിൽ സംഘടിപ്പിച്ചിരുന്നു.
2006ൽ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് പാലക്കാട് ജില്ല ആദ്യമായി സ്വർണകപ്പ് നേടുന്നത്. പിന്നീട് നീണ്ടവർഷങ്ങൾക്ക് ശേഷം 2015ൽ നടന്ന ആവേശകരമായ മത്സരത്തിൽ കോഴിക്കോടും പാലക്കാടും കപ്പ് പങ്കിട്ടു. എന്നാൽ 2016, 2017, 2018 വർഷങ്ങളിൽ ജില്ലക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ മൂന്ന് വർഷവും കപ്പ് കോഴിക്കോട് കൊണ്ടുപോയി. എന്നാൽ 2019ലും 2020ലും കോഴിക്കോടിനെ പിന്തളി പാലക്കാട് കിരീടത്തിൽ മുത്തമിട്ടു.
കോവിഡ്മൂലം അടുത്ത രണ്ട് വർഷങ്ങളിൽ കലോത്സവം നടന്നില്ല. 2023ൽ കോഴിക്കോട് ജേതാക്കളായി. കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 2024ൽ മൂന്നാം സ്ഥാനത്തെത്താനേ ജില്ലക്കായുള്ളൂ. കഴിഞ്ഞവർഷങ്ങളിൽ കൈവിട്ട സ്വർണകപ്പ് ഇത്തവണ ജില്ലയിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഉറപ്പിച്ചാണ് പാലക്കാട്ടെ വിദ്യാർഥികൾ അനന്തപുരിയിലേക്ക് പോയതെങ്കിലും കേവലം ഒരു പോയന്റിന് അടിയറവ് പറയേണ്ടി വന്നതിന്റെ ദു:ഖത്തിലാണ് ജില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.