ഷ​ബീ​ക്ക്​

ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച; മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ആളൂർ സ്വദേശി ഷബീക്കിനെയാണ് (വാവ -38) കസബ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, വധം, വധശ്രമം, കഞ്ചാവ് വിൽപന തുടങ്ങി 14 കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും 3.55 കോടി രൂപയും തട്ടിയെടുത്തതാണ് കേസ്. തുടർന്ന് പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കാറിൽ കണ്ടെത്തിയ വിരലടയാളം ഷബീക്കിന്‍റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിനുശേഷം ഒളിവിൽ പോയ ഷബീക്ക് തൃശൂർ വരന്തരപ്പള്ളിയിൽ കാറപകടത്തിൽ പെട്ടതിനെത്തുടർന്ന് അജീഷ് എന്ന പേരിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ 12 പേർ ഇതിനകം പിടിയിലായിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്ന് കസബ ഇൻസ്പെക്ടർ അറിയിച്ചു.

സി.സി ടി.വികൾ നിരീക്ഷിച്ചും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞത്. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ എസ്. അനീഷ്, എ.എ.എസ്.ഐ ടി.എ. ഷാഹുൽ ഹമീദ്, സി.പി.ഒ സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - The car was stopped on the national highway Robbery; The main accused has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.