കോട്ടായി: മധ്യവേനലാവധി കഴിഞ്ഞ് വിദ്യാലയങ്ങൾ വ്യാഴാഴ്ച വീണ്ടും തുറക്കാൻ നിൽക്കെ കോട്ടായി ഗവ. ഹൈസ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പി.ടി.എ കമ്മിറ്റിക്കും ഒറ്റ പ്രാർഥന മാത്രം, സ്കൂളിൽ പുതുതായി പണിയുന്ന സ്റ്റേജ് എത്രയും വേഗം പൂർത്തിയാകണേ എന്ന്. കിഫ്ബി ഫണ്ടിൽനിന്ന് മൂന്ന് കോടി ചെലവഴിച്ച് പണിയുന്ന ആറ് ക്ലാസ് മുറി കെട്ടിടം മൂന്ന് വർഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാനായിട്ടില്ല.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്കൂളിൽ ക്ലാസ് മുറി കെട്ടിടം പൂർത്തിയായെങ്കിലും പദ്ധതിയിൽ ഉൾപ്പെട്ട സ്റ്റേജിന്റെ പണി കൂടി പൂർത്തീകരിച്ചാലേ തുറന്നുകൊടുക്കുകയുള്ളൂ. 2020ലാണ് ആറ് ക്ലാസ് മുറി കെട്ടിടത്തിന്റെ പണി തുടങ്ങിയത്. കെട്ടിടം പണിയോടൊപ്പം അടുക്കള, ശുചിമുറി, സ്റ്റേജ് എന്നിവ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ സ്റ്റേജിന്റെ പണി കഴിഞ്ഞാൽ കെട്ടിടം തുറന്നുകൊടുക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എ. സതീശ് പറഞ്ഞു. സ്റ്റേജിന്റെ പണി നീണ്ടുപോയാൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും നീണ്ടുപോകും. മൂന്ന് വർഷമായിട്ടും കെട്ടിടം തുറന്നുകൊടുക്കാൻ സാധ്യമാകാത്തത് സർക്കാറിന്റെ അനാസ്ഥയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.