എട്ടുമാസം പ്രായമുള്ള പനി ബാധിച്ച മകളെയും കൊണ്ട് ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പനി ബാധിച്ച മകളുമായി ചിറ്റൂര്‍ ഗവ. താലൂക്ക് സർക്കാർ ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റു. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെയാണ് പാമ്പുകടിച്ചത്. ഗാ​യത്രിയുടെ കൈയിലാണ് പാമ്പുകടിച്ചത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായത്രി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പനിബാധിച്ച എട്ടുമാസം പ്രായമുള്ള മകളെയും കൊണ്ടാണ് ഗായത്രി ആശുപത്രിയി​ലെത്തിയത്. വൃത്തിയാക്കാനായി ചൂലെടുത്തപ്പോഴാണ് അതിനിടയിലുണ്ടായിരുന്ന പാമ്പ് ഗായത്രിയെ കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യമാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലുള്ളതെന്നും ഇതാണ് ഗായത്രിക്ക് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിട്ടുണ്ട്.

പനിബാധിച്ച കുഞ്ഞിന്റെ രക്തസാമ്പിള്‍ ഉള്‍പ്പെടെയുള്ളവ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് നല്‍കിയില്ലെന്നും ഗായത്രിയുടെ ബന്ധുക്കള്‍ ആരോപിച്ചു. രക്തസാമ്പിള്‍ ഇല്ലാതെ ചികിത്സ ആരംഭിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ആശുപത്രിയില്‍നിന്ന് അറിയിച്ചതോടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ ആശുപത്രിയുടെ പുറത്ത് തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

Tags:    
News Summary - The woman who came to the hospital with her infected daughter was bitten by a snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.